തിരുവനന്തപുരം :സംസ്ഥാനത്തിന്‍റെ ഭാവിക്ക് അനിവാര്യമായ കെ-റെയില്‍ (K Rail) പദ്ധതി നടപ്പാക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുസംബന്ധിച്ച് നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കുള്ള മറുപടിയിലാണ് അസന്ദിഗ്‌ധമായി മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
'ഇനിയും സംശയങ്ങളുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യാം, ചൊവ്വാഴ്ച നാലുമണിക്ക് എം.എല്‍.എമാര്‍ക്കായി വിശദീകരണയോഗമുണ്ട്. ഏതെല്ലാം തരത്തില്‍ പദ്ധതിയെ ഇല്ലാതാക്കാമെന്ന പ്രതിപക്ഷത്തിന്‍റെ ആഗ്രഹം ചര്‍ച്ചയിലൂടെ തുറന്നുകാട്ടപ്പെട്ടു. പദ്ധതി സംബന്ധിച്ച് ഒരാശങ്കയും വേണ്ട' - മുഖ്യമന്ത്രി പറഞ്ഞു.
എത്രയും വേഗം കെ റെയില്‍ പൂര്‍ത്തിയാക്കും
പദ്ധതി എത്രയും വേഗം പൂര്‍ത്തിയാക്കണം. വൈകിയാല്‍ ചെലവ് കൂടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്ധതിയില്‍ അസ്വാഭാവികമായി ഒന്നുമില്ല. വായ്‌പയെടുക്കുക എന്നത് സാധാരണ രീതിയാണ്. വായ്‌പ തിരിച്ചടവിന് 40 വര്‍ഷം വരെ സമയമുണ്ട്. ഈ 40 വര്‍ഷകാലയളവില്‍ സമ്പദ്ഘടന വലിയ രീതിയില്‍ വികസിക്കും. പ്രതിപക്ഷം പദ്ധതിയെ എതിര്‍ക്കുന്നതിനല്ല നടപ്പാക്കുന്നതിനാണ് പ്രാമുഖ്യം നല്‍കേണ്ടത്. പദ്ധതി നടപ്പാക്കുന്നതിലൂടെ പശ്ചിമഘട്ടം തകര്‍ക്കപ്പെടുമെന്ന വാദത്തിന് അടിസ്ഥാനമില്ല. കേരളത്തിന്‍റെ ക്വാറികള്‍ ഭൂരിഭാഗവും പശ്ചിമ ഘട്ടത്തിലല്ല പ്രവര്‍ത്തിക്കുന്നത്.