തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ജനവിധിയറിയാന്‍ മണിക്കൂറുകൾ മാത്രം. ഡിസംബർ 16ന് രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിച്ച് ഉച്ചയോടെ പൂർണമായ ഫലം പുറത്തുവരും. മുന്നണികളെല്ലാം വിജയപ്രതീക്ഷയിലാണ്. ഉയര്‍ന്ന പോളിങിന്‍റെ ആനുകൂല്യം എതിരാളികള്‍ക്ക് അനുകൂലമാകുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം; തദ്ദേശ ഭരണം ആർക്ക്? സ്വര്‍ണക്കടത്ത് കേസ്, ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസ്, പിഎസ്‌സി വിവാദം എന്നിവ തിരിച്ചടിക്കുമോ എന്ന ആശങ്കയാണ് എല്‍ഡിഎഫിനെ പ്രധാനമായും അലട്ടുന്നത്. എന്നാല്‍ സര്‍ക്കാരിന്‍റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളും കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്‍റെ മുന്നണി പ്രവേശവും ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് ഇടതു മുന്നണി.
സര്‍ക്കാരിനെതിരെ തങ്ങള്‍ ഉയര്‍ത്തിയ അഴിമതി ആരോപണങ്ങള്‍ അനുകൂലമാകുമെന്ന ഉറച്ച കണക്കു കൂട്ടൽ തന്നെയാണ് യുഡിഎഫിനുള്ളത്. വെല്‍ഫെയര്‍ ബന്ധം ഭൂരിപക്ഷ സമുദായങ്ങള്‍ക്കിടയില്‍ യുഡിഎഫിനെതിരെ ആയുധമാക്കാനുള്ള എല്‍ഡിഎഫിന്‍റെയും ബിജെപിയുടെയും ശ്രമങ്ങള്‍ എത്രമാത്രം വിജയിച്ചു എന്നതും നാളെ അറിയാം. ഇരുമുന്നണികള്‍ക്കുമില്ലാത്ത അഴിമതി വിരുദ്ധ പ്രതിച്ഛായയും സര്‍ക്കാരിനെതിരായ രൂക്ഷമായ വിമര്‍ശനവും വോട്ടാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
ബുധനാഴ്ച രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. വോട്ടെണ്ണലിനായി വിപുലമായ ക്രമീകരണങ്ങളാണ് ജില്ലാ ആസ്ഥാനങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. ആദ്യം സ്‌പെഷ്യല്‍ ബാലറ്റും പോസ്റ്റല്‍ബാലറ്റും എണ്ണിയ ശേഷമാകും ഇവിഎം വോട്ടുകള്‍ എണ്ണിത്തുടങ്ങുക. ഗ്രാമപഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്തുകളിലെയും പോസ്റ്റല്‍ വോട്ടുകള്‍ അതാത് വരണാധികാരികളാണ് എണ്ണുക. രാവിലെ എട്ടരയോടെ ആദ്യ ഫല സൂചനകള്‍ പുറത്തുവരും.
2015ലെ തെരഞ്ഞെടുപ്പിൽ ആകെയുള്ള 15,962 വാര്‍ഡുകളില്‍ 5,902 എണ്ണം സിപിഎമ്മും 4,221 എണ്ണം കോണ്‍ഗ്രസും നേടിയിരുന്നു. ബിജെപി 905 വാര്‍ഡുകളിലും വിജയിച്ചു. 2,080 ബ്ലോക്ക് പഞ്ചായത്ത് ഡിവഷനുകളില്‍ സിപിഎം 854 ഉം കോണ്‍ഗ്രസ് 608 ഡിവിഷനിലും വിജയിച്ചു. 21 ഡിവിഷന്‍ ബിജെപിയ്ക്ക് ലഭിച്ചു. 14 ജില്ലാ പഞ്ചായത്തില്‍ ഏഴ് വീതം എല്‍ഡിഎഫും യുഡിഎഫും പങ്കിട്ടു. ആകെ 941 ഗ്രാമപഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, 86 മുന്‍സിപ്പാലിറ്റികള്‍, 6 കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്.