തിരുവനന്തപുരം: സാധാരണക്കാരിൽ സാധാരണക്കാരിയായ സ്ഥാനാർഥി എന്നത് തെരഞ്ഞെടുപ്പുകാലത്തെ പഴകിത്തേഞ്ഞ പരസ്യവാചകമാണെങ്കിലും തിരുവനന്തപുരം കോർപ്പറേഷനിലെ മുടവൻമുഗൾ വാർഡിൽ ഇത് അക്ഷരം പ്രതി ശരിയാണ്. യു.ഡി.എഫ് സ്ഥാനാർത്ഥി എസ് ശ്രീകലയ്ക്ക് സ്വന്തമായൊരു വീടു പോലുമില്ല. ആറ്റുപുറമ്പോക്കിലെ തകര കൊണ്ടു മേൽക്കൂരയിട്ട ഒറ്റമുറി വീട്ടിലാണ് ഭർത്താവും ബി.എസ്.സി ഹോം സയൻസ് റാങ്ക് ജേതാവായ മകളും അടങ്ങുന്ന സ്ഥാനാർഥിയുടെ കുടുംബം താമസിക്കുന്നത്.
സ്വന്തമായി വീടില്ലാത്ത സ്ഥാനാർഥി - എസ് ശ്രീകല
യു.ഡി.എഫ് സ്ഥാനാർത്ഥി എസ് ശ്രീകലയ്ക്ക് സ്വന്തമായൊരു വീടു പോലുമില്ല. ആറ്റുപുറമ്പോക്കിലെ തകര കൊണ്ടു മേൽക്കൂരയിട്ട ഒറ്റമുറി വീട്ടിലാണ് ഭർത്താവും ബി.എസ്.സി ഹോം സയൻസ് റാങ്ക് ജേതാവായ മകളും അടങ്ങുന്ന സ്ഥാനാർഥിയുടെ കുടുംബം താമസിക്കുന്നത്.
ഡിടിപി സെൻ്ററിൽ ജീവനക്കാരിയായ ശ്രീകലയുടെയും കൂലിപ്പണിക്കാരനായ ഭർത്താവിൻ്റെയും തുച്ഛമായ വരുമാനമാണ് ജീവിതമാർഗം. തെരഞ്ഞെടുപ്പ് ചെലവിന് പണമില്ലാത്തതിനാൽ പാർട്ടി പ്രവർത്തകരാണ് പണം സമാഹരിക്കുന്നത്. ദുരിതപൂർണമായ പശ്ചാത്തലത്തിൽ ജീവിതവും സാമൂഹ്യ പ്രവർത്തനവും ഒന്നിച്ചു കൊണ്ടുപോകുന്ന തനിക്ക് സാധാരണക്കാരുടെ ജീവിത ദുരിതങ്ങൾ ആരും പഠിപ്പിച്ചു തരേണ്ടതില്ലെന്ന് ശ്രീകല പറയുന്നു. തൻ്റെ ജയം വാർഡിലെ സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുന്നതിൻ്റെ തുടക്കമായിരിക്കുമെന്നും ശ്രീകല വിശ്വസിക്കുന്നു.