തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച ഐജി ജി ലക്ഷ്‌മണിനെതിരെ നടപടിക്ക് സാധ്യത. സര്‍വീസിലിരിക്കെ ഐ ജി ലക്ഷ്‌മൺ സര്‍ക്കാരിനെതിരെ തിരിഞ്ഞത് ഗുരുതര ചട്ടലംഘനമായാണ് ആഭ്യന്തര വകുപ്പ് കാണുന്നത്. ഈ സാഹചര്യത്തിൽ ഉദ്യോഗസ്ഥനെതിരെ കർശന അച്ചടക്ക നടപടി ഉണ്ടായേക്കുമെന്നാണ് സൂചന.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫിസ് കേന്ദ്രീകരിച്ച് ഗൂഢ സംഘം പ്രവർത്തിക്കുന്നുവെന്ന ഗുരുതര ആരോപണമാണ് ലക്ഷ്‌മൺ ഉയർത്തിയത്. മോന്‍സൺ മാവുങ്കല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ലക്ഷ്‌മണിന്‍റെ ആരോപണങ്ങൾ. ഈ നിഗൂഢ സംഘം സംസ്ഥാനത്തെ സാമ്പത്തിക ഇടപാടുകളിലടക്കം ഒത്തുതീർപ്പും പരാതി പരിഹാരവും നടത്തുകയാണെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അസാധാരണ ഭരണഘടനാപരമായ അധികാര കേന്ദ്രമായി പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ഹൈക്കോടതി മധ്യസ്ഥനെ നിയോഗിച്ച കേസുകളിൽ പോലും മുഖ്യമന്ത്രിയുടെ ഓഫിസിലെ ഗൂഢ സംഘം പ്രശ്‌ന പരിഹാരം നടത്തുകയാണ്. ഈ സംഘത്തിലെ അദൃശ്യ കരങ്ങളും ബുദ്ധി കേന്ദ്രവുമാണ് തന്നെ മോൻസൺ മാവുങ്കൽ പ്രതിയായ തട്ടിപ്പ് കേസിൽ ഉൾപ്പെടുത്തിയതെന്നും ഐജി ജി ലക്ഷ്‌മൺ ആരോപിച്ചു. 2021 സെപ്റ്റംബർ 23നാണ് മോൻസൺ മാവുങ്കലിനെതിരെ പണം തട്ടിയെടുത്തെന്ന കേസ് രജിസ്‌റ്റര്‍ ചെയ്യുന്നത്.
Read more :മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് ഗൂഢസംഘം പ്രവർത്തിക്കുന്നു; ഗുരുതര ആരോപണവുമായി ഐ ജി ജി ലക്ഷ്‌മണ്‍
കഴിഞ്ഞ മാസം ജൂൺ 12 ന് ഐജി ജി ലക്ഷ്‌മൺ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എന്നിവരെ പ്രതി ചേർത്ത് ക്രൈംബ്രാഞ്ച് എറണാകുളം എസിജെഎം കോടതിയിൽ റിപ്പോർട്ട് നൽകുകയായിരുന്നു. കേസിൽ മൂന്നാം പ്രതിയാണ് ഐജി ജി ലക്ഷ്‌മൺ. അതേസമയം, ഇദ്ദേഹം മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ ആയുധമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം. മാത്രമല്ല, സർവീസിലിരിക്കുന്ന ഉന്നത ഉദ്യോഗസ്ഥൻ തന്നെ ഗുരുതര പരാമര്‍ശങ്ങള്‍ നടത്തിയിരിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസും കടുത്ത സമ്മർദത്തിലായിരിക്കുകയാണ്.
'മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് ഗൂഢ സംഘം പ്രവർത്തിക്കുന്നു' : മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നിഗൂഢ സംഘം സംസ്ഥാനത്തെ സാമ്പത്തിക ഇടപാടുകളിലടക്കം ഒത്തുതീർപ്പും പരാതി പരിഹാരവും നടത്തുന്നുവെന്നായിരുന്നു ഐജി ജി ലക്ഷ്‌മൺന്‍റെ ആരോപണം. കേസിലെ പരാതിക്കാർ നേരത്തെ മുഖ്യമന്ത്രിയ്ക്കടക്കം നൽകിയ പരാതിയിൽ തനിക്കെതിരെ ആരോപണങ്ങൾ ഒന്നും ഉന്നയിച്ചിരുന്നില്ല. എന്നാൽ സി എം ഓഫിസിലെ അസാധാരണ ബുദ്ധി കേന്ദ്രത്തിന്‍റെ നിർദേശ പ്രകാരമാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി തന്നെ പ്രതിയാക്കിയതെന്നും ഐജി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു.
സുധാകരന്‍റെ പേര് വലിച്ചിഴച്ചത് ഗൂഢാലോചന:മോൻസൺ മാവുങ്കൽ പ്രതിയായ പോക്‌സോ കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍റെ പേര് വലിച്ചിഴച്ചത് ഗൂഢാലോചനയുടെ ഭാഗമാണെന്നായിരുന്നു സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്‌ണന്‍റെ പ്രതികരണം. ദേശാഭിമാനി എല്ലാക്കാലത്തും ചെയ്യുന്നതാണിത്, ചാരക്കേസിന്‍റെ കാലത്തും കള്ളപ്രചാരണം നടത്തിയിരുന്നു. ഇതിനൊക്കെ ഒത്താശ ചെയ്‌ത് കൊടുക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫിസ് ആണെന്നും രാധാകൃഷ്‌ണന്‍ ആരോപിച്ചിരുന്നു.