തിരുവനന്തപുരം : തലസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് (ഒക്ടോബർ 16) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജ്, കേന്ദ്രീയ വിദ്യാലയങ്ങള്‍ എന്നിവ അടക്കമുള്ള സ്ഥാപനങ്ങള്‍ക്കാണ് ജില്ല കലക്‌ടര്‍ ജെറോമിക് ജോര്‍ജ് അവധി പ്രഖ്യാപിച്ചത്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്നും കലക്‌ടര്‍ വ്യക്തമാക്കി.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നാല് ജില്ലകളിലാണ് ഇന്ന് (ഒക്‌ടോബര്‍ 16) ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം വ്യാപകമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്ന് (ഒക്‌ടോബര്‍ 16) ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പുണ്ട്. 24 മണിക്കൂറില്‍ 115.6 മി.മി മുതല്‍ 204.5 മി.മി വരെ മഴ ലഭിക്കുന്നതാണ് അതിശക്തമായ മഴ.
സംസ്ഥാനത്ത് മഴ കൂടുതല്‍ ശക്തമാകുമെന്നാണ് മുന്നറിയിപ്പെന്നും ആവശ്യമുള്ള പ്രദേശങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കണമെന്നും മന്ത്രി കെ രാജൻ പറഞ്ഞു. മന്ത്രിയുടെ നേതൃത്വത്തിൽ കലക്‌ടര്‍മാർ ഉൾപ്പടെ ഓൺലൈനായി പങ്കെടുത്ത അടിയന്തര യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. റവന്യൂ ഉദ്യോഗസ്ഥർ അടിയന്തര ആവശ്യങ്ങൾക്കല്ലാതെ അവധി എടുക്കരുതെന്നും അത്യാവശ്യമല്ലാത്ത അവധിയാണെങ്കിൽ റദ്ദാക്കി ജോലിയിൽ പ്രവേശിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.