ഇടത് സുനാമിയില്‍ കടപുഴകി യുഡിഎഫ് ; സര്‍ക്കാറിന് ഭരണത്തുടര്‍ച്ച
ഇടത് തരംഗം ആഞ്ഞടിച്ച തെരഞ്ഞെടുപ്പിൽ 11 ജില്ലകളിലും മൃഗീയ ഭൂരിപക്ഷം നേടിയാണ് ഇടത് സർക്കാർ അധികാരത്തിലേറുന്നത്. മലപ്പുറം, വയനാട്, എറണാകുളം ജില്ലകൾ മാത്രമാണ് യുഡിഎഫിന് നേരിയ ആശ്വാസം നൽകിയത്.
ഇടത് സുനാമിയില്‍ കടപുഴകി യുഡിഎഫ്; സര്‍ക്കാറിന് ഭരണതുടര്‍ച്ച
By
Published : May 2, 2021, 9:21 PM IST
|
Updated : May 2, 2021, 9:34 PM IST
രാഷ്ട്രീയ ചരിത്രം തിരുത്തിക്കുറിച്ച് സംസ്ഥാനത്ത് ഇടത് തരംഗം. വിവാദങ്ങളും ആരോപണങ്ങളും ഉയർന്നപ്പോഴും അതുക്കും മേലെ വിജയമെന്നാവർത്തിച്ച പിണറായി വിജയന് സംസ്ഥാനത്തിന്‍റെ പൂർണ പിന്തുണ. 11 ജില്ലകളിലും മൃഗീയ ഭൂരിപക്ഷം നേടിയാണ് ഇടത് സർക്കാർ അധികാരത്തിലേറുന്നത്. വടക്കൻ കേരളത്തിൽ കാസർകോടും, കണ്ണൂരും, കോഴിക്കോടും, പാലക്കാടും ഉരുക്കുകോട്ട കെട്ടിയാണ് ഇടത് വിജയം. മധ്യകേരളത്തിൽ തൃശൂരും, കോട്ടയവും, ഇടുക്കിയും ഇടതിനൊപ്പം ഉറച്ച് നിന്നു. കഴിഞ്ഞ തവണ കൈവിട്ടുപോയ വടക്കാഞ്ചേരിയുള്‍പ്പടെ തിരിച്ചുപിടിച്ചാണ് തൃശൂർ, തൂത്തുവാരിയത്.
തെക്കൻ കേരളത്തിൽ ആലപ്പുഴ, പത്തനംതിട്ട , കൊല്ലം, തിരുവനന്തപുരം , ജില്ലകളിലെല്ലാം ഇടത് മുന്നണി മിന്നുന്ന വിജയം സ്വന്തമാക്കി. തദ്ദേശ വിജയത്തിന് പുറമെ തുടർഭരണം കൂടി നേടിയെടുത്ത എൽഡിഎഫ് കൊടുങ്കാറ്റിന് മുന്നില്‍ യുഡിഎഫ് ഒന്നാകെ കടപുഴകി. മലപ്പുറം, വയനാട്, എറണാകുളം ജില്ലകളിൽ മാത്രമാണ് മുന്നണിക്ക് നേരിയ ആശ്വാസമുള്ളത്. മുസ്ലിം ലീഗിന്‍റെ കരുത്തിൽ മലപ്പുറത്ത് വലിയ നേട്ടമുണ്ടാക്കാനായതും, എറണാകുളത്തും വയനാടും പിടിച്ചുനില്‍ക്കാനായതും മാത്രമാണ് സംസ്ഥാനത്ത് യുഡിഎഫിന് അൽപമെങ്കിലും ആശ്വാസമായത്.
വലിയ അവകാശ വാദങ്ങളുമായി എത്തിയ എൻഡിഎയ്ക്ക് കടുത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ഉറച്ച പ്രതീക്ഷകള്‍ വച്ച് പുലർത്തിയ, നേമവും, മഞ്ചേശ്വരവും, കോന്നിയും പാലക്കാടും, തൃശൂരും മുന്നണിയെ കൈവിട്ടു. ജയം ഉറപ്പിച്ച നേമവും, പാലക്കാടും അവസാന നിമിഷമാണ് മുന്നണിക്ക് നഷ്‌ടമായത്. നേമത്ത് കുമ്മനം രാജശേഖരനും, പാലക്കാട് ഇ ശ്രീധരനും തോറ്റത് മുന്നണിക്കുള്ളിൽ വലിയ ചർച്ചകള്‍ക്ക് വഴി തുറന്നേക്കും. അവസാന ഘട്ടത്തിലെ ലീഡ് നിലകള്‍ മാറി മാറിഞ്ഞപ്പോള്‍ സുരേഷ് ഗോപിയെ തൃശൂർ കൈവിട്ടതും മുന്നണിക്ക് തിരിച്ചടിയായി.
മിന്നുന്ന വിജയം നേടിയ കെ കെ ശൈലജയാണ് സംസ്ഥാനത്ത് ഏറ്റവും അധികം ഭൂരിപക്ഷം നേടിയത്. 61035 വോട്ടിന്‍റെ ലീഡ് നേടിയ ഇടത് സാരഥി മട്ടനൂരിൽ വിജയം ഇരട്ടി മധുരമുള്ളതാക്കി. ക്യാപ്റ്റനെന്ന് ജനവും മാധ്യമങ്ങളും ഒരുപോലെ വിളിച്ച മുഖ്യമന്ത്രി പിണറായി വിജയന് 50123 വോട്ടിന്‍റെ ലീഡ് നല്‍കിയാണ് ജനം ഭരണത്തുടർച്ച നല്‍കിയത്. സര്‍ക്കാർ ജനങ്ങളിലേക്ക് ഇറങ്ങിയപ്പോള്‍ ജനം സര്‍ക്കാറിനെ കാത്തുവെന്ന് പറയാം. മുന്നണിക്കുണ്ടായ മിന്നുന്ന വിജയത്തിന് ശേഷം മാധ്യമങ്ങള്‍ക്ക് മുന്‍പിലെത്തിയ പിണറായി വിജയൻ 'ജനം ഞങ്ങളെ വിശ്വസിച്ചു, ഞങ്ങള്‍ ജനങ്ങളേയും' എന്നാണ് പ്രതികരിച്ചത്. പ്രതിപക്ഷം ദുര്‍ബലമെങ്കിലും എളുപ്പമാകില്ല പിണറായിക്ക് ഭരണത്തുര്‍ച്ചയെന്ന് ഉറപ്പാണ്. കൊവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് വെല്ലുവിളിയായി നില്‍കുമ്പോള്‍ കൂടുതല്‍ കരുത്തനായ ക്യാപ്റ്റന്‍ കാട്ടുന്ന ചടുല നീക്കങ്ങളിലേക്കാണ് ഇനി രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.