മദ്യത്തിന് വില കൂടും; 35 ശതമാനം വരെ നികുതി
11:42 May 13
ഇതോടെ സംസ്ഥാനത്ത് മദ്യത്തിന് 50 രൂപയ്ക്ക് മുകളില്‍ വരെ വില വർധിക്കും.
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന് അധിക നികുതി ഏർപ്പെടുത്താൻ മന്ത്രിസഭ തീരുമാനം. വിദേശ മദ്യത്തിന് 35 ശതമാനം വരെ വില്‍പ്പന നികുതി വർധിപ്പിക്കും. ബിയർ വൈൻ എന്നിവയ്ക്ക് 10 ശതമാനം വർധന വരും. ഇതോടെ സംസ്ഥാനത്ത് മദ്യത്തിന് 50 രൂപയ്ക്ക് മുകളില്‍ വരെ വില വർധിക്കും. കൊവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് സർക്കാർ നീക്കം. നികുതി വർധിപ്പിച്ച് സർക്കാർ ഓർഡിനൻസ് ഇറക്കും.
2000 കോടി രൂപയുടെ അധിക വരുമാനം ഇതിലൂടെ പ്രതീക്ഷിക്കുന്നതായി ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. നികുതിയുടെ കാര്യത്തിൽ തീരുമാനമായാൽ മദ്യ വില്പന ആരംഭിക്കും. സാമൂഹിക അകലം അടക്കം പാലിച്ച് സുരക്ഷിതമായി മദ്യ വില്‌പന നടത്താനാണ് സർക്കാർ നീക്കം. വെർച്ചൽ ക്യൂ ഏർപ്പെടുത്തിയാകും മദ്യ വില്‌പന. ഇതിനായുള്ള ആപ്പ് തയാറാക്കി കഴിഞ്ഞു. ഓരോ മണിക്കൂർ വീതം ഓരോ ഗ്രൂപ്പിന് സമയം അനുവദിച്ചായിരിക്കും മദ്യവിലപന. ബാർ കൗണ്ടർ വിഴും മദ്യം പാഴ്സലായി നൽകും. ഇതിനായി എക്സൈസ് ചട്ടത്തിൽ ഭേദഗതി വരുത്തും. എന്നാൽ ഓൺലൈനായി ഓഡർ ചെയ്യുന്നവർക്ക് മദ്യം വീടുകളിൽ എത്തിച്ച് നൽകില്ല.
കൊവിഡ് 19 നിരീക്ഷണം ജാഗ്രതയോടെ ശക്തമാക്കണമെന്നും മന്ത്രിസഭ നിർദേശം നല്‍കി. സംസ്ഥാനത്തെ സാഹചര്യം ഗുരുതരമാണെന്നാണ് മന്ത്രിസഭ വിലയിരുത്തല്‍. പ്രവാസികൾ എത്തിയതോടെ നിരീക്ഷണത്തില്‍ ജാഗ്രത ശക്തമാക്കാൻ തദ്ദേശ സമിതികൾക്ക് മന്ത്രിസഭ നിർദേശം നല്‍കി.