തിരുവനന്തപുരം : പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശങ്ക വേണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ. ഉപരിപഠനത്തിന് ആഗ്രഹിക്കുന്ന മുഴുവൻ കുട്ടികൾക്കും പ്രവേശനം ഉറപ്പാക്കും.
ഒന്നാം അലോട്ട്മെൻ്റും രണ്ടാം അലോട്ട്മെൻ്റും പൂർത്തിയാകുമ്പോൾ ആശങ്ക ഒഴിയുമെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയത്തിനാണ് മന്ത്രിയുടെ മറുപടി.
ഹയർ സെക്കൻഡറി പ്രവേശനത്തില്‍ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി സീറ്റുകൾ കുറവുള്ളയിടങ്ങളിൽ പുനക്രമീകരിക്കും
ഒന്നും രണ്ടും അലോട്ട്മെൻ്റുകൾ പൂർത്തിയായ ശേഷം സീറ്റുകൾ കുറവുള്ളയിടങ്ങളിൽ എംഎൽഎമാരുമായി ആലോചിച്ച് സീറ്റുകളുടെ എണ്ണം പുനക്രമീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
മാർജിനിൽ വർധനവ് വരുത്തിക്കഴിയുമ്പോൾ തന്നെ മലബാർ മേഖലയിലെ സർക്കാർ എയ്‌ഡഡ് സ്‌കൂളുകളിൽ സീറ്റുകൾ തികയും. മലപ്പുറത്ത് 2700 സീറ്റുകളുടെ കുറവുണ്ടാകുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
വിദ്യാർഥികളുടെ സ്വപ്‌നങ്ങളുടെ ചിറകരിയരുത്
അതേസമയം മാർജിനൽ സീറ്റ് വർധന പ്രയോഗികമല്ലെന്നും ബാച്ചുകൾ വർധിപ്പിക്കണമെന്നും പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ പ്ലസ് വൺ സീറ്റുകൾ സംബന്ധിച്ച് ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടി എംകെ മുനീറാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.
വിഷയത്തിൽ സർക്കാർ നയപരമായ തീമാനമെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കുട്ടികളെ വേദനിപ്പിക്കുന്നതും തളർത്തുന്നതുമായ നടപടി ഉണ്ടാകരുത്. മാർജിനൽ സീറ്റ് വർധന ഹൈക്കോടതി വിധിക്കെതിരാണ്. ബാച്ചുകളുടെ എണ്ണം വർധിപ്പിക്കുക മാത്രമാണ് പോംവഴി. കുട്ടികളുടെ സ്വപ്‌നങ്ങളുടെ ചിറകരിയരുതെന്നും മുനീർ വ്യക്തമാക്കി.
മാർജിനൽ സീറ്റ് വർധന അപ്രായോഗികം
പ്ലസ് വൺ സീറ്റുകളുടെ എണ്ണത്തിൽ ഒമ്പത് ജില്ലകളിൽ സ്ഥിതി രൂക്ഷമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ചൂണ്ടിക്കാട്ടി. മുഴുവൻ എ പ്ലസ് ലഭിച്ച കുട്ടികൾക്ക് പോലും ഇഷ്‌ടപ്പെട്ട വിഷയത്തിന് അഡ്‌മിഷൻ കിട്ടാത്ത സാഹചര്യമാണ് മലബാറിലെ ആറ് ജില്ലകളിൽ.
സംസ്ഥാന തലത്തിൽ അല്ല, ജില്ലാ തലത്തിലാണ് സീറ്റുകളുടെ എണ്ണത്തിൽ പരിശോധന നടത്തേണ്ടത്. മാർജിനൽ സീറ്റ് വർധന അപ്രായോഗികമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ALSO READ:സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷഫലം പ്രഖ്യാപിച്ചു