തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെയെത്തിക്കുകയെന്ന ലക്ഷ്യത്തിനായി സര്‍ക്കാര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ട് പതിനഞ്ച് ദിവസം കഴിഞ്ഞു. എന്നാല്‍ ഈ ലക്ഷ്യം ഒരു ദിവസം പോലും കൈവരിക്കാന്‍ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടില്ല. ഇന്നത്തെ ടിപിആര്‍ 10.4 ശതമാനം ആണ്. ഇന്നലത്തേത് 10.83ഉം.
ദേശീയ ശരാശരിയേക്കാൾ അഞ്ചിരട്ടി സംസ്ഥാനത്തെ ടിപിആർ
കഴിഞ്ഞ ഒരാഴ്ചത്തെ ശരാശരി നോക്കിയാല്‍ 10.41 ശതമാനം ആണ് ടിപിആർ. രോഗബാധിതരുടെ എണ്ണവും എല്ലാ ദിവസവും പതിനായിരത്തിന് മുകളിലാണ്. ഇന്ത്യയില്‍ തന്നെ ഏറ്റവും മോശം കണക്കുകളാണിത്. രാജ്യത്തെ ശരാശരി 2.42 ആയിരിക്കുമ്പോഴാണ് സംസ്ഥാനത്തെ ടിപിആർ പത്തിൽ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യ ശരാശരിയെക്കാള്‍ അഞ്ചിരട്ടിയാണ് ഇത്. പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തിലും കേരളം തന്നെയാണ് മുന്നില്‍.
വിശദീകരണം നൽകാതെ ആരോഗ്യ വകുപ്പ്
ഒന്നാം തരംഗത്തിലടക്കം കേരള മോഡല്‍ എന്ന നിലയില്‍ രാജ്യാന്തര പ്രശസ്തി നേടിയ കേരളത്തിന് എവിടെയാണ് പിഴച്ചതെന്നത് സംബന്ധിച്ച് ഔദ്യോഗികമായൊരു വിശദീകരണം ആരോഗ്യ വകുപ്പ് ഇതുവരെ നൽകിയിട്ടില്ല. രോഗബാധ കുറയാതിരിക്കുന്നതിനുള്ള കാരണമായി ആരോഗ്യ വകുപ്പ് പറയുന്നത് ജനങ്ങള്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നുവെന്നാണ്. നിയന്ത്രണങ്ങള്‍ നടപ്പാക്കാനുളള ശ്രമങ്ങളോട് എല്ലാവരും സഹകരിച്ചാല്‍ മാത്രമേ രോഗവ്യാപനം കുറയ്ക്കാന്‍ സാധിക്കുകയുള്ളൂവെന്ന് പറയുമ്പോള്‍ തെറ്റ് മുഴുവന്‍ പൊതുജനങ്ങളിലേക്കാണ് വരുന്നത്.