തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഉയർന്ന താപനില മുന്നറിയിപ്പ് (High Temperature Alert). തിരുവനന്തപുരം (Thiruvananthapuram), കൊല്ലം (Kollam) ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇത് സാധാരണയെക്കാൾ മൂന്ന് ഡിഗ്രി സെൽഷ്യസ് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ കൂടുതലാണ്.
ആലപ്പുഴ (Alappuzha), കോട്ടയം (Kottayam), പാലക്കാട് (Palakkad) ജില്ലകളിൽ താപനില 35 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. ഇത് സാധാരണയെക്കാൾ മൂന്ന് ഡിഗ്രി സെൽഷ്യസ് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ കൂടുതലാണ്. എറണാകുളം (Ernakulam), തൃശൂർ (Thrissur), മലപ്പുറം (Malappuram), കോഴിക്കോട് (Kozhikode) ജില്ലകളിൽ 34 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും. ഇതാവട്ടെ സാധാരണയെക്കാൾ മൂന്ന് ഡിഗ്രി സെൽഷ്യസ് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ കൂടുതലാണ്.
നിര്‍ദേശങ്ങളുമായി ദുരന്ത നിവാരണ അതോറിറ്റി: താപനില ഉയരാൻ സാധ്യതയുള്ളതിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (Disaster Management Authority) ജാഗ്രത നിർദേശങ്ങളും പുറപ്പെടുവിച്ചു. രാവിലെ 11 മണി മുതൽ വൈകിട്ട് മൂന്ന് മണി വരെ ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം തുടർച്ചയായി ഏൽക്കുന്നത് ഒഴിവാക്കണം. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കണം. അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും ജാഗ്രത പാലിക്കണം. വനം വകുപ്പിന്‍റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യണമെന്നും നിർദേശമുണ്ട്.