കേരളം

kerala

ETV Bharat / state

മുതലപ്പൊഴിയിൽ അദാനിഗ്രൂപ് വാർഫ് നിർമാണം പുനരാരംഭിച്ചു - അദാനിഗ്രൂപ്

ഏകദേശം 50 കോടി രൂപ മുടക്കി ആധുനിക സംവിധാനങ്ങളോടെ അദാനി ഗ്രൂപ് നടത്തിവന്ന വാർഫ് നിർമാണം ഏകദേശം പൂർത്തിയായി വരുന്നതിനിടെയാണ് കോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്

ഹൈകോടതി സ്റ്റേ പിൻവലിച്ചു; മുതലപ്പൊഴിയിൽ അദാനിഗ്രൂപ് വാർഫ് നിർമാണം പുനരാരംഭിച്ചു

By

Published : Nov 4, 2019, 11:40 PM IST

Updated : Nov 5, 2019, 3:48 PM IST

തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖ നിർമാണത്തിന് ആവശ്യമായ പാറകൾ എത്തിക്കുന്നതിന് പെരുമാതുറ മുതലപ്പൊഴിയിൽ അദാനിയുടെ വാർഫ് നിർമാണത്തിനുണ്ടായിരുന്ന ഹൈക്കോടതിയുടെ സ്റ്റേ പിൻവലിച്ചു. ഇതോടെ വാർഫിന്‍റെ നിർമ്മാണത്തിന് വീണ്ടും തുടക്കമായി.
വാർഫിന് ചുറ്റാകെയുള്ള സുരക്ഷാ ഭിത്തിയും അതുപോലെ പൊട്ടിച്ച് മാറ്റിയ പുലിമുട്ടിന്‍റെ തുടർന്നുള്ള നിർമാണ പ്രവർത്തനങ്ങളുമാണ് നിലവിൽ നടക്കുന്നത്. ഒപ്പം ഹാർബറിന്‍റെ അഴിമുഖത്തുള്ള മണൽ ഡ്രിജ്ജിംങും ആരംഭിച്ചിട്ടുണ്ട്. കേരളാ കോസ്റ്റൽ സോൺ മാനേജ്മെന്‍റ് അതോറിറ്റിയുടെ അംഗീകാരം ലഭിക്കാതെയാണ് അദാനി ഗ്രൂപ് നിർമാണം നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി എസ്. ദിലീപ് ഹൈക്കോടതിയിൽ സമർപിച്ച ഹർജിയുടെ അടിസ്ഥാനത്തിലാണ് കോടതി നിർമാണപ്രവർത്തനങ്ങൾ തടഞ്ഞ് കൊണ്ട് ഉത്തരവ് ഇറക്കിയത്.

ഹർജിയിൽ അദാനി 15 ഏക്കറോളം വരുന്ന കടൽത്തീരം കയ്യേറിയെന്നും, ഖനന- ഭൂവിജ്ഞാന വകുപ്പിന്‍റെ അനുമതിയില്ലാതെ കടൽ മണ്ണ് നിർമാണത്തിന് ഉപയോഗിച്ചെന്നും, ചിറയിൻകീഴ് പഞ്ചായത്തിന്‍റെ അനുമതിയില്ലാതെ തീരത്ത് റോഡ് നിർമാണം നടത്തിയെന്നും സൂചിപ്പിച്ചിരുന്നു. വിഷയത്തിൽ ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി സ്വകാര്യ ഹർജി തള്ളിക്കൊണ്ട് വാർഫ് നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയത്.

കേരളത്തിന്‍റെ ടൂറിസം ഭൂപടത്തിൽ ഇടം പിടിച്ച പെരുമാതുറ മുതലപ്പൊഴിയിൽ ടൂറിസം പദ്ധതിക്ക് കണ്ടെത്തിയ ഗോൾഡൻ ബീച്ചാണ് ഇന്ന് അദാനിയുടെ നിയന്ത്രണത്തിലുള്ളത്. അദാനി ഗ്രൂപ് ഏകദേശം 50 കോടി രൂപ മുടക്കി ആധുനിക സംവിധാനങ്ങളോടെ നടത്തിവന്ന വാർഫ് നിർമാണം ഏകദേശം പൂർത്തിയായി വരുന്നതിനിടെയാണ് കോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിൽ വരുന്ന ഒരു മാസത്തിനുള്ളിൽ വാർഫിന്‍റെ നിർമാണം പൂർത്തിയാക്കാനാണ് ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിരിക്കുന്നത്.

2019 പുതുവർഷത്തിന്‍റെ ആദ്യ വാരം പദ്ധതി പൂർത്തീകരിക്കാനുള്ള കഠിനശ്രമത്തിലാണ് അദാനി ഗ്രൂപ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ആവശ്യമായ പാറകൾ ലഭിക്കാത്തതുകൊണ്ടാണ് കാലതാമസം നേരിട്ടത്. നിർമാണത്തിലെ അപാകതകൾ ചൂണ്ടി കാണിച്ച് ഉടലെടുത്ത പ്രാദേശിക എതിർപ്പുകളെ വൻ സ്വാധീനം ഉപയോഗിച്ച് അതിജീവിച്ചായിരുന്നു വാർഫ് നിർമാണം മുന്നോട്ട് നീങ്ങിയത്. ആഡംബര കപ്പൽ മുതൽ യാത്രാ കപ്പൽ വരെ ഇവിടെ വന്ന് പോകുന്ന വിധത്തിൽ വാർഫ് ഭാവിയിൽ ഉപയോഗപ്പെടുത്താനാകുമെന്നും അധികാരികളും മറ്റും ജനങ്ങൾക്ക് ഉറപ്പ് നൽകിയതോടെയാണ് ജനങ്ങൾ പ്രതിഷേധം അവസാനിപ്പിച്ച് നിർമാണത്തെ പിൻതുണച്ചത്.

Last Updated : Nov 5, 2019, 3:48 PM IST

ABOUT THE AUTHOR

...view details