എറണാകുളം : കേരള സാങ്കേതിക സര്‍വകലാശാലയുടെ (കെടിയു) താത്കാലിക വൈസ് ചാന്‍സലറായി ഡോ.സിസ തോമസിനെ നിയമിച്ച ഗവര്‍ണറുടെ നടപടി സ്റ്റേ ചെയ്യണമെന്ന സര്‍ക്കാറിന്‍റെ ആവശ്യം തള്ളി ഹൈക്കോടതി. ഗവര്‍ണറുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സര്‍ക്കാര്‍ ഹര്‍ജി പരിഗണിക്കുന്നത് കോടതി വെള്ളിയാഴ്‌ചത്തേക്ക് മാറ്റിയിട്ടുമുണ്ട്. ഗവര്‍ണറുടെ നടപടിയില്‍ സ്റ്റേ അനുവദിച്ചാൽ സർവകലാശാലയ്ക്ക് വി.സി ഇല്ലാത്ത അവസ്ഥ വരുമെന്ന് കോടതി വിലയിരുത്തി.
വി.സിയെ ചുമതലപ്പെടുത്തിയ ഗവർണറുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സർക്കാരിന്‍റെ ഹർജിയിൽ യു.ജി.സിയെ കോടതി സ്വമേധയാ കക്ഷി ചേർത്തു. ചട്ടങ്ങള്‍ക്ക് വിരുദ്ധമാണോ ഗവര്‍ണറുടെ ഉത്തരവ് എന്ന കാര്യത്തിലാണ് യുജിസി നിലപാട് വ്യക്തമാക്കേണ്ടത്. അതേസമയം വി.സിയുടെ പേര് ശുപാർശ ചെയ്യാനുള്ള അധികാരം സർക്കാരിനാണ് എന്നാണ് അഡ്വക്കേറ്റ് ജനറൽ ഹൈക്കോടതിയെ അറിയിച്ചത്.