തിരുവനന്തപുരം: ഈ വർഷത്തോടെ വൈറൽ ഹെപ്പറ്റൈറ്റിസ് സി നിവാരണത്തിനും വൈറൽ ഹെപ്പറ്റൈറ്റിസ് മൂലമുള്ള മരണനിരക്ക് കുറയ്ക്കുന്നതിനും ആരോഗ്യവകുപ്പ് നിയന്ത്രണ പരിപാടി സംഘടിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ .ശൈലജ. ദേശീയ ആരോഗ്യ മിഷന്‍റെ സഹകരണത്തോടെ ദേശീയ വൈറൽ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പരിപാടിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഹെപ്പറ്റൈറ്റിസ് വിമുക്ത ഭാവി ലക്ഷ്യമിട്ട് കേരളം - വൈറൽ ഹെപ്പറ്റൈറ്റിസ് സി നിവാരണം
ദേശീയ ആരോഗ്യ മിഷന്‍റെ സഹകരണത്തോടെ ദേശീയ വൈറൽ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പരിപാടിയുടെ ഭാഗമായാണ് ആരോഗ്യ വകുപ്പിന്‍റെ പുതിയ പദ്ധതി.
ഇതിന്‍റെ പ്രവർത്തനങ്ങൾക്കായി എല്ലാ സർക്കാർ മെഡിക്കൽ കോളജുകളും തെരഞ്ഞെടുക്കപ്പെട്ട ജില്ലാ ജനറൽ ആശുപത്രികളും ഉൾപ്പെടെ 25 ആശുപത്രികളെ തെരഞ്ഞെടുത്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വൈറൽ ഹെപ്പറ്റൈറ്റിസ് ചികിത്സക്കും രോഗനിർണയത്തിനും ആവശ്യമായ മരുന്നുകളും രോഗനിർണയ കിറ്റുകളും തെരഞ്ഞെടുത്ത എല്ലാ ആശുപത്രികൾക്കും ഇതിനോടകം നൽകിയിട്ടുണ്ട്.
വൈറസ് മൂലം ഉണ്ടാകുന്ന കരൾ രോഗ ബാധയാണ് വൈറൽ ഹെപ്പറ്റൈറ്റിസ്. ഇതുമൂലം കരൾ വീക്കം ഉണ്ടാവുകയും കരളിലെ എൻസൈമുകളുടെ അളവിന് ഏറ്റക്കുറച്ചിലുകൾ സംഭവിച്ച് കരളിന്‍റെ പ്രവർത്തനം തകരാറിലാവുകയും ചെയ്യുന്നു. രോഗ നിർണ പരിശോധന, സ്ഥിരീകരണം, ചികിത്സ, രോഗം തടയാനുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ എന്നിവയെല്ലാം സൗജന്യമായി നൽകുന്നതാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.