തിരുവനന്തപുരം: അവിവാഹിതരായ താമസക്കാര്‍ രണ്ടുമാസത്തിനുള്ളില്‍ താമസസ്ഥലം ഒഴിയണമെന്ന വിവാദ സര്‍ക്കുലറുമായി തിരുവനന്തപുരം ഫ്ലാറ്റ് അസോസിയേഷന്‍. തിരുവനന്തപുരം പട്ടം ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഹീര ട്വിന്‍സ് ഫ്ലാറ്റ് അസോസിയേഷന്‍റേതാണ് വിവാദ സര്‍ക്കുലര്‍. അവിവാഹിതരായിട്ടുള്ള ആളുകൾ രക്തബന്ധത്തിലുള്ളവരെ അല്ലാതെ എതിർലിംഗക്കാരെ ഫ്ലാറ്റിൽ കയറ്റരുതെന്നും, അവരുമായി സംസാരിക്കാൻ ബേസ്മെൻ്റ് ഉപയോഗിക്കണമെന്നുമാണ് അസോസിയേഷന്‍റെ നിര്‍ദേശം.
അവിവാഹിതരായ താമസക്കാർ ഒഴിയണം; വിചിത്ര നിർദേശവുമായി ഫ്ലാറ്റ് അസോസിയേഷൻ - ഹീര ട്വിന്‍സ്
പട്ടം ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഹീര ട്വിന്‍സ് ഫ്ലാറ്റ് അസോസിയേഷനാണ് വിവാദ സര്‍ക്കുലര്‍ പുറത്തിറക്കിയത്.
സർക്കുലറിലെ നിർദേശങ്ങൾ ഇങ്ങനെ: 'ഫ്ലാറ്റ് കുടുംബങ്ങൾക്ക് വേണ്ടി മാത്രം താമസിക്കാനായി പരിമിതപ്പെടുത്തിയിരിക്കുന്നു. അവിവാഹിതരായ താമസക്കാര്‍ ഉടൻ ഇവിടെ നിന്ന് ഒഴിയണം. നേരിട്ടുള്ള രക്ത ബന്ധത്തിലുള്ള ബന്ധുക്കൾ അല്ലാതെ എതിർ ലിംഗത്തിലുള്ള ആരെയും ഫ്ലാറ്റിൽ പ്രവേശിപ്പിക്കരുത്. വാടകക്കാർക്ക് ഫ്ലാറ്റിന്റെ ബേസ്മെൻറിലെ ഓഫീസിലെ രജിസ്റ്ററിൽ പേര് എഴുതിയശേഷം സന്ദർശകരോട് ഇവിടെ വച്ച് തന്നെ സംസാരിക്കാം.
എല്ലാ വാടകക്കാരും അവരുടെ ആധാർ നമ്പറും ഫോൺ നമ്പറും ഒപ്പം രക്ഷിതാവിന്‍റെയോ മാതാപിതാക്കളുടെയോ ഫോൺ നമ്പറും അസോസിയേഷന് സമർപ്പിക്കണം. നിർദേശങ്ങൾ അനുസരിക്കാതിരിക്കുകയും സെക്യൂരിറ്റി ജീവനക്കാരോട് തർക്കിക്കുകയും ചെയ്‌താല്‍ വിവരം രക്ഷിതാക്കളെയും മാതാപിതാക്കളെയും അറിയിക്കുകയും പൊലീസുമായും ബന്ധപ്പെടും'.