തിരുവനന്തപുരം :സംസ്ഥാനത്ത് ബുധനാഴ്‌ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. ബുധനാഴ്‌ച 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
വ്യാഴാഴ്‌ചയും മഴ തുടരും. വ്യാഴാഴ്‌ച തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,എറണാകുളം, തൃശൂര്‍, പാലക്കാട്,മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
Also Read: മഴക്കെടുതി: സംസ്ഥാനത്ത് മരണം 27; കൊക്കയാറിലെ തിരച്ചില്‍ അവസാനിപ്പിച്ചു
കിഴക്കന്‍ കാറ്റിന്‍റെ സ്വാധീനം കേരളം ഉള്‍പ്പടെയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ സജീവമാകുന്നതിന്‍റെ ഭാഗമായാണ് വീണ്ടും മഴ തുടരുക. തുലാവര്‍ഷം തുടങ്ങുന്നതിന് മുന്നോടിയായാണ് കിഴക്കന്‍ കാറ്റ് ശക്തമാകുന്നത്. നാല് ദിവസം വരെ ഇതുമൂലം വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
വ്യാഴാഴ്ച വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അതേസമയം, ഒക്ടോബര്‍ 20 മുതല്‍ 22 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.