തിരുവനന്തപുരം:സംസ്ഥാനത്ത് മെയ് 14 മുതൽ 16 വരെ അതിശക്തമായ മഴ പെയ്യാന്‍ സാധ്യതയുള്ളതിനാൽ മുന്നൊരുക്കം ശക്തമാക്കാൻ സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിർദേശപ്രകാരം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ സംസ്ഥാനത്തെ വകുപ്പ് മേധാവികളുടെ ഉന്നതതലയോഗം ചേർന്നു. എല്ലാ ജില്ലകളിലും കരുതൽ നടപടികൾ ശക്തിപ്പെടുത്താൻ ജില്ല കലക്‌ടർമാർക്ക് നിർദേശം നൽകി.
പ്രശ്‌ന സാധ്യത സ്ഥലങ്ങളിൽ പ്രത്യേക അലർട്ട് സംവിധാനം ഉണ്ടാക്കണം. മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കണം. വേണ്ടിവന്നാൽ ക്യാമ്പ് ആരംഭിക്കണം. ഇവിടങ്ങളിൽ ഭക്ഷണം, കുടിവെള്ളം ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യം ഉറപ്പാക്കണമെന്നും യോഗത്തിൽ നിർദേശം ഉയർന്നു.
കൺട്രോൾ റൂമുകൾ പ്രവര്‍ത്തിക്കും:24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. എല്ലാ വകുപ്പുകളുടെയും ഏകോപനത്തോടെയുള്ള പ്രവർത്തനത്തിന് ആവശ്യമായ നിർദേശം നൽകി. യോഗത്തിൽ എല്ലാ ജില്ലകളിലെയും തയ്യാറെടുപ്പുകൾ അവലോകനം ചെയ്‌തു. ശബരിമല തീർഥാടകരുടെ സുരക്ഷ ഉറപ്പ് വരുത്താൻ വേണ്ട നടപടികൾ സ്വീകരിക്കും.
ജില്ലകളില്‍ ജില്ല, താലൂക്ക് കൺട്രോൾ റൂമുകൾ 24 മണിക്കൂറും ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കും. തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ നേതൃത്വത്തിലും പ്രത്യേക കണ്ട്രോൾ റൂം സജ്ജമാക്കും. ആഭ്യന്തര സെക്രട്ടറി, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി, ദുരന്ത നിവാരണ വകുപ്പ് സെക്രട്ടറി, ജലസേചന വകുപ്പ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, ഡയറക്‌ടര്‍ ജനറൽ ഫയർ ആൻഡ് റെസ്ക്യൂ, കെ.എസ്.ഇ.ബി ചെയർമാൻ, ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയർ, ദുരന്ത നിവാരണ വകുപ്പ് കമ്മിഷണര്‍ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തു.