തിരുവനന്തപുരം :സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കനത്ത മഴയെ തുടര്‍ന്ന് കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു (Heavy Rain In Kerala).
കേരള തീരത്ത് ഇന്ന് (ഒക്‌ടോബര്‍ 16) രാത്രി 11.30 വരെ പൂജ്യം ദശാംശം ആറ് മീറ്റര്‍ മുതല്‍ 1.9 മീറ്റര്‍ വരെയും, തെക്കൻ - തമിഴ്‌നാട് തീരത്ത് രാത്രി 11.30 വരെ പൂജ്യം ദശാംശം ഒന്‍പത് മീറ്റര്‍ മുതൽ 1.9 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
ശക്തമായ കടലാക്രമണ സാധ്യത ഉള്ളതിനാൽ തീരദേശ വാസികൾ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും നിർദേശമുണ്ട്. ശക്തമായതും ഉയർന്നതുമായ തിരമാലയ്ക്കും സാധ്യത ഉള്ളതിനാൽ കടലിൽ ഇറങ്ങിയുള്ള വിനോദങ്ങൾ പൂർണമായും ഒഴിവാക്കാനും നിർദേശം നല്‍കിയിട്ടുണ്ട്.
Also Read:Holiday For Educational Institutions : മഴ ശക്തം ; തലസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി ; 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
അതേസമയം അടുത്ത മൂന്ന് മണിക്കൂറിൽ പാലക്കാട് ജില്ലയിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത ഉണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശി അടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യത ഉണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത ഉണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം ശക്തമായ മഴയെ തുടര്‍ന്ന് ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
നാളെയും (ഒക്‌ടോബര്‍ 17) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്‌ടര്‍ ജെറോമിക് ജോര്‍ജ് അവധി പ്രഖ്യാപിച്ചിരുന്നു. പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ഇന്ന് അവധി. കൂടാതെ കേരള സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും (തിയറി/ പ്രാക്‌ടിക്കല്‍) മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.