കനത്ത മഴയെ തുടര്‍ന്ന് വീടുകള്‍ വീണ്ടും വെള്ളത്തില്‍ തിരുവനന്തപുരം :തലസ്ഥാനത്ത് വീണ്ടും വെളളക്കെട്ട് (Heavy Rain In Trivandrum). തിരുവനന്തപുരം പട്ടം-മെഡിക്കല്‍ കോളജ് റോഡില്‍ മുറിഞ്ഞപാലത്തിന് സമീപം കുഴിവയലിലാണ് മഴയില്‍ വെള്ളക്കെട്ടുണ്ടായത്. സ്ഥലത്തെ വീടുകളില്‍ വെള്ളം കയറി. ഗൗരീശപട്ടം ക്ഷേത്രത്തിന് പിറകിലുള്ള കോട്ടറ ലെയിനിലും വെള്ളം കയറി. ജില്ലയില്‍ ഉച്ചക്ക് ശേഷം കനത്ത മഴ പെയ്‌തതിന് പിന്നാലെ മുറിഞ്ഞപാലം തോട് കരകവിഞ്ഞ് ഒഴുകിയതിനാലാണ് വീടുകളില്‍ വെള്ളം കയറിയത് (Houses Flooded Again After Heavy Rain).
കഴിഞ്ഞാഴ്‌ച തകര്‍ത്ത് പെയ്‌ത മഴയില്‍ വെള്ളം കയറിയ വീടുകളിലാണ് ഇന്നത്തെ മഴയിലും വെള്ളക്കെട്ടുണ്ടായത് (Flood In Trivandrum). 3.30-4 മണിയോടെയാണ് നഗരത്തില്‍ കനത്ത മഴ പെയ്‌തത്. ഇതിന് പിന്നാലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിരുന്നു. വെള്ളക്കെട്ടുണ്ടായ വീടുകളില്‍ പലരും ബന്ധു വീടുകളില്‍ നിന്നും സ്‌കൂളുകളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും കഴിഞ്ഞാഴ്‌ചയായിരുന്നു തിരിച്ചെത്തിയത്. ഇതിനിടെയാണ് വീണ്ടും വീടുകളില്‍ വെള്ളക്കെട്ട് ഉണ്ടായത്.
മുന്‍പുണ്ടായ വെള്ളക്കെട്ടില്‍ വീടുകള്‍ക്കുള്ളില്‍ ചെളി അടിഞ്ഞതിനെ തുടര്‍ന്ന് വൃത്തിയാക്കല്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ വീണ്ടുമുണ്ടായ വെള്ളക്കെട്ട് പ്രദേശവാസികളെ വീണ്ടും ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്. നിലവില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തിരുവനന്തപുരത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. രാത്രിയും മഴ തുടര്‍ന്നാല്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടി വരുമെന്ന ആശങ്കയിലാണ് തോട് ഇരുകരയിലുമുള്ള താമസക്കാര്‍. നിലവില്‍ മലയോര മേഖലകളില്‍ മഴ തുടരുകയാണെങ്കിലും നഗരത്തില്‍ മഴക്ക് ശമനമുണ്ട്.
അതേ സമയം സംസ്ഥാനത്തെ 11 ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. 40 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. വരുന്ന ദിവസങ്ങളിലും സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.
കേരളത്തില്‍ തുലാവര്‍ഷം ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. തുടക്കത്തില്‍ തുലാവര്‍ഷം ദുര്‍ബലമായിരിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പില്‍ പറയുന്നു. അറബിക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതായും ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായും കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. ഇതിന്‍റെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ കനക്കുക. അതേസമയം തെക്ക് കിഴക്കന്‍ അറബിക്കടലിനും തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിനും മുകളിലായി സ്ഥിതി ചെയ്‌തിരുന്ന ന്യൂനമര്‍ദ്ദം തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറിയിട്ടുണ്ട്.
പടിഞ്ഞാറ് - വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ഇത് അടുത്ത ആറ് മണിക്കൂറിനുള്ളില്‍ വീണ്ടും ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പിലുണ്ട്. അതേസമയം തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി സ്ഥിതി ചെയ്‌തിരുന്ന ചക്രവാതച്ചുഴി തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചതായും ഇന്നോ നാളെയോ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ തീവ്ര ന്യൂനമര്‍ദ്ദമായി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.