തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തതോടെ ദേശീയ ദുരന്തനിവാരണ സേനയുടെ പത്ത് ടീമിനെ കൂടി കേന്ദ്രത്തോട് ആവശ്യപ്പെടാന്‍ സര്‍ക്കാര്‍ തീരുമാനം. സ്ഥിതിഗതികൾ വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അടിയന്തര യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. നിലവില്‍ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് യോഗം വിലയിരുത്തി.
മഴ ശക്തം; എന്‍ഡിആര്‍എഫിന്‍റെ പത്ത് ടീമിനെ കൂടി ആവശ്യപ്പെടും - എന്‍ഡിആര്‍എഫ്
മഴക്കെടുതികൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് യോഗം വിലയിരുത്തി.
![മഴ ശക്തം; എന്‍ഡിആര്‍എഫിന്‍റെ പത്ത് ടീമിനെ കൂടി ആവശ്യപ്പെടും](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4076285-thumbnail-3x2-cm.jpg)
സംസ്ഥാനത്തുള്ള മൂന്ന് എന്‍ഡിആര്‍എഫ് ടീമുകളില്‍ രണ്ടെണ്ണത്തെ നിലമ്പൂരിലേക്കും മൂന്നാറിലേക്കും നിയോഗിക്കാന്‍ ഇന്ന് ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. ഒരു ടീമിനെ റിസര്‍വില്‍ വെക്കും. സംസ്ഥാനം ആവശ്യപ്പെട്ടതില്‍ ഏഴ് ടീമുകളുടെ സേവനം ഇന്ന് വൈകിട്ടോടെ ലഭിക്കും. തിരുവനന്തപുരത്തെ സംസ്ഥാന ദുരന്ത നിവാരണ അതോറ്റിയുടെ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്‍റർ പ്രവര്‍ത്തനസജ്ജമായിട്ടുണ്ട്. പൊലീസ്, ഫയര്‍ഫോഴ്‌സ്, റവന്യൂ, കേന്ദ്രസേന എന്നിവയെ കൂടുതലായി നിയോഗിച്ചിട്ടുണ്ട്. മഴ ശക്തമായിരിക്കുന്ന മലയോര മേഖലകളിലേക്ക് അടിയന്തര സാഹചര്യം നേരിടാന്‍ കൂടുതല്‍ സേനാംഗങ്ങളെ നിയോഗിക്കാനും യോഗം നിര്‍ദേശിച്ചു. ദുരന്ത സാധ്യതയുള്ള സ്ഥലങ്ങളിലെ ജനങ്ങളെ മാറ്റി താമസിപ്പിക്കാന്‍ ജില്ലാ കലക്‌ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. നിലവിലെ സാഹചര്യത്തില്‍ ശക്തമായ മഴ ലഭിക്കുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് യോഗത്തിന്‍റെ വിലയിരുത്തല്‍.
ശക്തമായ കാറ്റില്‍ മരം വീണും മറ്റും ഉണ്ടാകുന്ന വൈദ്യുതി തടസം മാറ്റുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഉണ്ടാക്കാന്‍ കെഎസ്ഇബിക്കും യോഗം നിര്‍ദേശം നല്‍കി. അണക്കെട്ടുകളിലെ ജലനിരപ്പില്‍ ആശങ്ക വേണ്ടെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തല്‍. നിലവില്‍ പ്രധാന അഞ്ച് അണക്കെട്ടിലും സംഭരണ ശേഷിയുടെ ഇരുപത്തഞ്ച് ശതമാനം മാത്രമാണ് ജലമുള്ളത്. അതുകൊണ്ട് തന്നെ ഇവയൊന്നും നിറഞ്ഞ് കവിയുന്ന സാഹചര്യം ഉണ്ടാകില്ലെന്നാണ് കെഎസ്ഇബി കണക്ക് കൂട്ടുന്നത്. മുഖ്യമന്ത്രി അധ്യക്ഷനായ യോഗത്തില്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി വേണു, ഫയര്‍ഫോഴ്‌സ് മേധാവി എ ഹേമചന്ദ്രന്‍, എഡിജിപി മനോജ് എബ്രഹാം, കെഎസ്ഇബി ഡയറക്‌ടര്‍ യു വി ജോസ് വകുപ്പ് സെക്രട്ടറിമാര്‍ തുടങ്ങിവര്‍ യോഗത്തില്‍ പങ്കെടുത്തു.