തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി, ചെന്നിത്തല ഗ്രൂപ്പുകള്‍ പ്രതിഷേധമുയര്‍ത്തുന്നതിനിടെ പുന:സംഘടനയുമായി മുന്നോട്ടു പോകാന്‍ കോണ്‍ഗ്രസിലെ ഔദ്യോഗിക വിഭാഗത്തിന്‍റെ തീരുമാനം. എ.ഐ.സി.സി നേതൃത്വം സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുന:സംഘടന വേണ്ടെന്ന വാദമുയര്‍ത്തിയാണ് ഉമ്മന്‍ചാണ്ടി, ചെന്നിത്തല വിഭാഗങ്ങള്‍ ഇതിനെ എതിര്‍ക്കുന്നത്. ബുധനാഴ്‌ച ചേര്‍ന്ന കെ.പി.സി.സി നിര്‍വാഹക സമിതി യോഗത്തില്‍ ഇരു വിഭാഗങ്ങളും പുന സംഘടനയെ വാശിയോടെ എതിര്‍ത്തെങ്കിലും പുന:സംഘടനയുമായി മുന്നോട്ടു പോകുമെന്ന് യോഗത്തില്‍ കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍ പ്രഖ്യാപിച്ചു.
'ഹൈക്കമാൻഡിന്‍റെ അനുമതിയുണ്ട്'
തീരുമാനത്തിന് ഹൈക്കമാന്‍ഡിന്‍റെ അനുവാദമുണ്ടെന്ന് കെ.സുധാകരനും വി.ഡി.സതീശനും ഉള്‍പ്പെട്ട ഔദ്യോഗിക പക്ഷം ചൂണ്ടിക്കാട്ടി. ഹൈക്കമാന്‍ഡ് പച്ചക്കൊടി കാട്ടിയ സാഹചര്യത്തില്‍ ഡി.സി.സി, ബ്ലോക്ക്, മണ്ഡലം, യൂണിറ്റ് കമ്മിറ്റി രൂപീകരണവുമായി മുന്നോട്ടു പോകുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍ വ്യക്തമാക്കി. പുനഛസംഘടനയിലൂടെ മാത്രമേ ജില്ലകളില്‍ പാര്‍ട്ടിയെ ചലിപ്പിക്കാന്‍ കഴിയൂവെന്ന് കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ ഡി.സി.സി പ്രസിഡന്‍റുമാര്‍ അറിയിച്ചിരുന്നു.
ALSO READ:കേന്ദ്രത്തിന്‍റേത് പോക്കറ്റടിക്കാരന്‍റെ ന്യായം; കേരളം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി
പുതുതായി പ്രവര്‍ത്തനം ആരംഭിച്ച യൂണിറ്റ് കമ്മിറ്റി രൂപീകരണത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഡിസിസി പ്രസിഡന്‍റുമാര്‍ യോഗത്തെ അറിയിച്ചു. ഇതും പുന;സംഘടനയുമായി മുന്നോട്ട് പോകാന്‍ ഔദ്യോഗിക വിഭാഗത്തിന് ആത്മവിശ്വാസമേകുന്നതാണ്. സംഘടന തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച ശേഷം പുന:സംഘടന നടന്നാല്‍ താക്കോല്‍ സ്ഥാനങ്ങളില്‍ ഔദ്യോഗിക വിഭാഗത്തോട് ആഭിമുഖ്യമുള്ളവര്‍ കടന്നു വരുമെന്നും, ഇത് സംഘടന തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നുമുള്ള ഭയപ്പാടിലാണ് ഉമ്മന്‍ചാണ്ടി, ചെന്നിത്തല പക്ഷങ്ങള്‍ പുന:സംഘടനയെ എതിര്‍ക്കുന്നത്.
എന്നാല്‍ സംഘടന തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും വരെ പാര്‍ട്ടി പ്രവര്‍ത്തനം നിര്‍ജീവമാക്കാനാകില്ലെന്ന വാദമുയര്‍ത്തിയാണ് ഔദ്യോഗിക പക്ഷം പുന:സംഘടയില്‍ മുറുകെ പിടിക്കുന്നത്. പുന:സംഘടന നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ഹൈക്കമാന്‍ഡിനെ സമീപിക്കാനൊരുങ്ങുകയാണ് ഉമ്മന്‍ചാണ്ടി, ചെന്നിത്തല വിഭാഗങ്ങള്‍. കെ. സുധാകരന്‍ പ്രസിഡന്‍റായ ശേഷം കെ.പി.സി.സിയില്‍ മാത്രമാണ് സമ്പൂര്‍ണ അഴിച്ചു പണി പൂര്‍ത്തിയായത്.
ALSO READ:ഇത്തവണയും സൈനികർക്കൊപ്പം പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം
ഡി.സിസി പ്രസിഡന്‍റുമാരെ നിയമിച്ചെങ്കിലും മറ്റ് ഭാരവാഹികളെ നിയമിക്കാനായിട്ടില്ല. ബ്ലോക്ക്, മണ്ഡലം പ്രസിഡന്‍റുമാരെയും ഭാരവാഹികളെയും ഉടനടി നിയമിച്ച ശേഷം സംഘടന തെരഞ്ഞെടുപ്പിലേക്ക് പോകാനാണ് ഔദ്യോഗിക പക്ഷത്തിന്‍റെ തീരുമാനം.