വേനൽ രൂക്ഷമായതിനെ തുടർന്ന് സംസ്ഥാനത്ത് ദിനംപ്രതി സൂര്യതാപമേൽക്കുന്നവരുടെ എണ്ണം കൂടുന്നു. ആരോഗ്യവകുപ്പിന്‍റെ കണക്ക് പ്രകാരം സംസ്ഥാനത്ത് ഇന്ന് 65 പേർക്കാണ് സൂര്യതാപമേറ്റത്. ആലപ്പുഴയിലാണ് ഏറ്റവും കൂടുതൽ ആളുകൾക്ക് സൂര്യതാപമേറ്റത്. സംസ്ഥാനത്ത് 52 പേർക്ക് പൊള്ളലേറ്റു. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, വയനാട് കണ്ണൂർ എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതൽ പേർക്ക് സൂര്യാതാപമേറ്റത്. ഫെബ്രുവരി മുതൽ ശരാശരി 34ഡിഗ്രി സെൽഷ്യസ് അധികം ചൂടാണ് വയനാട് ജില്ലയിൽ അനുഭവപ്പെടുന്നത്. ആലപ്പുഴ ജില്ലയിൽ ഇന്ന് പത്തു പേർക്കാണ് സൂര്യതാപമേറ്റത്. താപനില ക്രമാതീതമായി വര്‍ധിക്കുന്നതിനാല്‍ തൊഴില്‍ സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു.
കേരളം ചുട്ടു പൊള്ളി തന്നെ; ഇന്ന് സൂര്യതാപമേറ്റത് 65പേര്‍ക്ക് - പെള്ളലേറ്റു
ഏറ്റവുമധികം പേര്‍ക്ക് സൂര്യതാപമേറ്റത് ആലപ്പുഴയില്‍. സംസ്ഥാനത്ത് 52 പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. കടുത്ത ചൂട് ഈ മാസം 31വരെ തുടരും
കോട്ടയത്ത് പറമ്പിൽ ജോലി ചെയ്യുന്നതിനിടയിൽ ഒരാൾക്കും, കണ്ണൂരിൽ ഒന്നര വയസുകാരൻ ഉൾപ്പടെ നാല് പേർക്കും കൊല്ലം ജില്ലയിൽ മൂന്നുപേർക്കും പൊള്ളലേറ്റു. വേനൽ മഴ പെയ്യാൻ വൈകുന്നതാണ് ചൂട് കൂടാൻ കാരണം. സംസ്ഥാനത്ത് നിരവധി പേർക്ക് സൂര്യതാപമേറ്റ സാഹചര്യത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകി. ചൂട് കൂടിയ സാഹചര്യത്തിൽ ആലപ്പുഴയിലെ ജില്ലയിലെ അംഗന്‍വാടികൾക്ക് കലക്ടർ അടുത്ത മാസം ആറ് വരെ അവധി പ്രഖ്യാപിച്ചു. പാലക്കാട്, കൊല്ലം ജില്ലകളിൽ കാലാവസ്ഥ വകുപ്പ് അതീവ ജാഗ്രതാ നിർദേശം നല്‍കി. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ കനത്ത ചൂട് തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഈ മാസം 31 വരെ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
കഴിഞ്ഞ ദിവസം സംസ്ഥാനത്തെ കൊടും ചൂടിനേയും വരൾച്ചയേയും നേരിടാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായി മൂന്നംഗ സമിതി രൂപീകരിച്ചിരുന്നു. കുടിവെള്ള വിതരണം, വന്യമൃഗശല്യം തടയൽ, പകർച്ചവ്യാധി പ്രതിരോധം എന്നിവക്കാണ് സമിതി രൂപീകരിച്ചത്.