തിരുവനന്തപുരം :ഇന്ത്യന്‍ എന്‍ജിനീയറിങ് സര്‍വീസ് പരീക്ഷയില്‍ വിജയം നേടിയവരുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് രണ്ടുപേര്‍ മാത്രമാണുള്ളത്. അവരുടെ വിജയത്തിന് പതിന്‍മടങ്ങ് തിളക്കം നല്‍കുന്നത് അവര്‍ അതിജീവിച്ച പ്രതിസന്ധികളാണ്. തിരുവനന്തപുരം തിരുമല സ്വദേശികളായ സഹോദരിമാര്‍ പാര്‍വതി.എ.എസും, ലക്ഷ്‌മി.എ.എസുമാണ് ആരും കൊതിക്കുന്ന നേട്ടം കരസ്ഥമാക്കിയത്.
ജന്‍മനാ കേള്‍വി പരിമിതിയുള്ള ഇവര്‍ ഒരു പ്രതിസന്ധിക്ക് മുന്നിലും തളര്‍ന്നില്ല. പുതുവഴികള്‍ കണ്ടെത്തി കഠിനാധ്വാനം ചെയ്‌ത് മുന്നേറി. മരാമത്ത് വകുപ്പിലെ ജൂനിയര്‍ സൂപ്രണ്ട് സീതയുടെ മൂന്ന് മക്കളില്‍ ഇളയവരാണ് ലക്ഷ്മിയും പാര്‍വതിയും. മൂത്തമകന്‍ വിഷ്ണുവിനും കേള്‍വി പരിമിതിയുണ്ട്.
ഇളയ മക്കള്‍ക്ക് 2 വയസുള്ളപ്പോള്‍ അച്ഛന്‍ അജികുമാറിന്‍റെ മരണം ഈ കുടുംബത്തെ തളര്‍ത്തി. ആരും വീണുപോകാവുന്ന പ്രതിസന്ധികളോട് തളരാതെ പോരാടി മുന്നോട്ടുപോകാനുള്ള അമ്മ സീതയുടെ മനസും ഉപദേശവുമാണ് ഇവര്‍ക്ക് കരുത്തായത്. കേള്‍വി പരിമിതിയുള്ള കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്ന തിരുവനന്തപുരത്തെ നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് സ്‌പീച്ച് ആന്‍ഡ് ഹിയറിങ്ങിലായിരുന്നു (നിഷ്) ഇവരുടെ പഠനം.