തിരുവനന്തപുരം: ആരോഗ്യ സര്‍വകലാശാലയുടെ പരീക്ഷകള്‍ ജൂണ്‍ 21 തിങ്കളാഴ്‌ച ആരംഭിക്കും. 34ഓളം പരീക്ഷകളുടെ വിവരങ്ങള്‍ സര്‍വകലാശാല വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എല്ലാ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് പരീക്ഷ നടത്തണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് സര്‍വകലാശാലയ്ക്ക് നിര്‍ദേശം നല്‍കി.
ആന്‍റിജൻ പരിശോധന നിര്‍ബന്ധം
പരീക്ഷയെഴുതുന്ന എല്ലാ വിദ്യാര്‍ഥികളും ആന്‍റിജന്‍ പരിശോധന നടത്തണം. പരിശോധനയില്‍ നെഗറ്റീവായ വിദ്യാര്‍ഥികളെയാണ് പ്രധാന ഹാളിലിരുത്തുക. പരിശോധനയില്‍ പോസിറ്റീവായ വിദ്യാര്‍ഥികളെ മറ്റൊരു ഹാളില്‍ പരീക്ഷയെഴുതാന്‍ ക്രമീകരമമൊരുക്കും.
പരീക്ഷാ ഹാളില്‍ രണ്ട് മീറ്റര്‍ അകലത്തിലാണ് വിദ്യാര്‍ഥികള്‍ക്ക് ഇരിപ്പിടം ഒരുക്കുക. പോസിറ്റീവായ വിദ്യാര്‍ഥികളെ തിയറി എഴുതാന്‍ അനുവദിക്കുമെങ്കിലും അവരെ പ്രാക്ടിക്കലില്‍ പങ്കെടുക്കാന്‍ ഉടനനുവദിക്കുന്നതല്ല. പോസിറ്റീവായ വിദ്യാര്‍ഥികള്‍ 17 ദിവസം കഴിഞ്ഞതിന് ശേഷം പ്രിന്‍സിപ്പല്‍മാരെ വിവരം അറിയിക്കണം. ഈ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകമായി പ്രാക്ടിക്കല്‍ പരീക്ഷ നടത്തും. രോഗലക്ഷണമുള്ളവരില്‍ ആന്‍റിജന്‍ പരിശോധന നെഗറ്റീവാണെങ്കില്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന കൂടി നടത്തണം. പരീക്ഷ നടത്തേണ്ട ഏതെങ്കിലും സ്ഥാപനങ്ങള്‍ കണ്ടെയ്മെന്‍റ് സോണിലാണെങ്കില്‍ അത് അടിയന്തരമായി സര്‍വകലാശാലയെ അറിയിക്കണം.