തിരുവനന്തപുരം : പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ പ്രകാരം തദ്ദേശ സ്ഥാപനങ്ങളുടെ 2022-23 വര്‍ഷത്തെ ഹെല്‍ത്ത് ഗ്രാന്റായി 558.97 കോടി രൂപ അനുവദിച്ചു. ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജാണ് ഇക്കാര്യം അറിയിച്ചത്. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരോഗ്യ മേഖലയില്‍ വലിയ വികസനങ്ങള്‍ സാധ്യമാക്കാനാകുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പിന്‍റെ ഫണ്ടിന് പുറമേ ഹെല്‍ത്ത് ഗ്രാന്റായി അനുവദിച്ച തുകയുപയോഗിച്ച് ആശുപത്രികളില്‍ അധിക സൗകര്യങ്ങളൊരുക്കാന്‍ സാധിക്കും. ഇതിലൂടെ ജനങ്ങള്‍ക്ക് കൂടുതല്‍ മികച്ച സേവനം ലഭ്യമാക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.
കെട്ടിടം ഇല്ലാത്ത ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് പുതിയ കെട്ടിടം, ബ്ലോക്ക് പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍ക്ക് സഹായം, രോഗനിര്‍ണയ സംവിധാനങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ജനകീയാരോഗ്യ കേന്ദ്രങ്ങളിലും ഹെല്‍ത്ത് ആന്റ് വെല്‍നസ് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കല്‍, നഗരപ്രദേശങ്ങളിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ജനകീയാരോഗ്യ കേന്ദ്രങ്ങളിലും രോഗനിര്‍ണയ സൗകര്യങ്ങള്‍, അര്‍ബന്‍ ഹെല്‍ത്ത് ആന്റ് വെല്‍നസ് കേന്ദ്രങ്ങള്‍ തുടങ്ങിയ സ്‌കീമുകളിലായാണ് തുകയനുവദിച്ചിരിക്കുന്നത്.
പുതിയ കെട്ടിട നിര്‍മാണത്തിനായി മൂന്ന് വര്‍ഷങ്ങളിലാണ് തുകയനുവദിക്കുന്നത്. 513 ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ക്ക് 55.5 ലക്ഷം വീതവും, 13 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് 1.43 കോടി വീതവും, അഞ്ച് സാമൂഹ്യാരോഗ്യ കേന്ദ്രങ്ങള്‍ക്ക് 5.75 കോടി രൂപ വീതവുമായാണ് മൂന്ന് വര്‍ഷങ്ങളിലായി അനുവദിക്കുന്നത്. 2022-23 വര്‍ഷത്തില്‍ ജനകീയാരോഗ്യ കേന്ദ്രം 27.5 ലക്ഷം, കുടുംബാരോഗ്യ കേന്ദ്രം 35.75 ലക്ഷം, സാമൂഹ്യാരോഗ്യ കേന്ദ്രം 1.15 കോടി വീതമാണ് തുകയനുവദിച്ചത്. 77 പുതിയ ബ്ലോക്ക് പൊതുജനാരോഗ്യ യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 27.57 ലക്ഷം രൂപ വീതം അനുവദിച്ചു. ഈ തുകയുപയോഗിച്ച് ബ്ലോക്ക് യൂണിറ്റ്, ബ്ലോക്ക് പബ്ലിക് ഹെല്‍ത്ത് ലാബ് തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.