തിരുവനന്തപുരം:തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് വീണ്ടും അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. ഇന്നലെ രാത്രി ഒമ്പതേകാലോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയ മന്ത്രി ഒന്നര മണിക്കൂറോളം ആശുപത്രിയില്‍ ചെലവിട്ടു. അത്യാഹിത വിഭാഗത്തിലെത്തിയ മന്ത്രി വിവിധ എമര്‍ജന്‍സി വിഭാഗങ്ങള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്തി.
ഇതോടൊപ്പം ഡ്യൂട്ടി ലിസ്റ്റ് പരിശോധിക്കുകയും ചെയ്തു. നേരത്തേയും മന്ത്രി മെഡിക്കല്‍ കോളജില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയിരുന്നു. അന്നത്തെ സന്ദര്‍ശനത്തില്‍ സീനിയര്‍ ഡോക്ടര്‍മാര്‍ രാത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിക്കില്ലാത്തത് കണ്ടെത്തിയിരുന്നു. ഇത് ആവര്‍ത്തിക്കരുതെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഇവയെല്ലാം പാലിക്കുന്നുണ്ടെയെന്നറിയാനാണ് മന്ത്രിയുടെ ആവര്‍ത്തിച്ചുള്ള സന്ദര്‍ശനം. അത്യാഹിത വിഭാഗത്തിലും വാര്‍ഡുകളിലും സീനിയര്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കാന്‍ കഴിഞ്ഞ ഞായറാഴ്ച മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് അത്യാഹിത വിഭാഗത്തിന്‍റെ രാത്രികാല പ്രവര്‍ത്തനം മനസിലാക്കാന്‍ മന്ത്രിയുടെ സന്ദര്‍ശനം.