തിരുവനന്തപുരം : സംസ്ഥാനത്ത് ഡോക്‌ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങൾ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന വിചിത്ര മറുപടിയുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നിയമസഭയിൽ മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ചോദ്യത്തിനാണ് മന്ത്രി രേഖാമൂലം മറുപടി നല്‍കിയത്.
ആരോഗ്യമന്ത്രിയുടേത് കടകവിരുദ്ധ പ്രതികരണം
ഡോക്‌ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ ഇപ്പോഴത്തെ നിയമങ്ങള്‍ പര്യാപ്‌തമാണെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഡോക്‌ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതിനിടെയാണ് വീണ ജോര്‍ജിന്‍റെ കടകവിരുദ്ധമായ പ്രതികരണം. അതിക്രമങ്ങള്‍ തടയുന്നതിനായി പൊതുജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തുമെന്നും മന്ത്രി മറുപടി നല്‍കി.
അതേസമയം സംസ്ഥാനത്ത് ഒരു വര്‍ഷത്തിനിടെ 43 അതിക്രമങ്ങൾ ഡോക്‌ടര്‍മാര്‍ക്കെതിരെ നടന്നതായി റിപ്പോർട്ടുകൾ. ഡോക്‌ടർമാർക്ക് പുറമെ 77 ആരോഗ്യപ്രവര്‍ത്തകരും പലതരത്തിലുള്ള ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
മർദിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ആലപ്പുഴയില്‍ ഒരു ഡോക്‌ടർ ജോലി രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുതും ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. കൂടാതെ കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം ഫോര്‍ട്ട് ആശുപത്രിയില്‍ ഒരു വനിത ഡോക്‌ടര്‍ മദ്യപിച്ചെത്തിയയാളുടെ ആക്രമണത്തിന് ഇരയായത്.