തിരുവനന്തപുരം:കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ എല്ലാവരും മൂന്നാം ഡോസ് വാക്‌സിൻ നിർബന്ധമായും സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. നിലവിൽ പുതിയ വകഭേദങ്ങൾ ഇല്ലെന്നും മന്ത്രി പറഞ്ഞു. ഇന്ന് (ജൂൺ 16) മുതൽ ആറ് ദിവസം വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ വാക്‌സിൻ ലഭ്യമാകും.
കൊവിഡ് വ്യാപനം; മൂന്നാം ഡോസ് വാക്‌സിൻ നിർബന്ധമായും സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി - kerala covid news
തുടർച്ചയായ രണ്ട് ദിവസവും സംസ്ഥാനത്ത് കൊവിഡ് കേസുകൾ 3000ന് മേൽ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പുതിയ നിർദേശങ്ങളുമായി ആരോഗ്യമന്ത്രി വീണ ജോർജ്.
നിലവിലെ വ്യാപനത്തിന് കാരണം ഒമിക്രോൺ വകഭേദമാണ്. കൊവിഡ് കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറവാണ്. ആശുപത്രികളിൽ കൊവിഡ് കണക്കിന് ആനുപാതികമായി കിടക്കകൾ സജ്ജമാക്കാനും ആരോഗ്യമന്ത്രി നിർദേശം നൽകി.
അടിസ്ഥാനപരമായ പ്രതിരോധ മാർഗങ്ങൾ എല്ലാവരും സ്വീകരിക്കണം. ദിനംപ്രതി കൊവിഡ് അവലോകനങ്ങൾ നടത്തുന്നുണ്ട്. മാസ്‌കും സാനിറ്റൈസറും നിർബന്ധമായും ഉപയോഗിക്കണമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി 3000ന് മേൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ നിർദേശം.