തിരുവനന്തപുരം: ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിച്ച് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പരിഷ്‌കരിച്ച് ആരോഗ്യമന്ത്രി നിയമസഭയില്‍ നടത്തിയ പ്രസ്‌താവനയും പിന്നാലെ എത്തിയ സര്‍ക്കാര്‍ ഉത്തരവും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലെടുത്ത തീരുമാനമാണ് വീണ ജോര്‍ജ് ചട്ടം 300 പ്രകാരം നിയമസഭയില്‍ അവതരിപ്പിച്ചത്. മാര്‍ക്കറ്റുകള്‍, കടകള്‍, വ്യവസായ സ്ഥാപനങ്ങള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ എത്തുന്നവരും ജോലി ചെയ്യുന്നവരും രണ്ടാഴ്‌ച മുന്‍പ് ആദ്യ ഡോസ് വാക്‌സിന്‍ എടുത്തവരോ 72 മണിക്കൂറിനകം ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചവരോ ഒരു മാസം മുന്‍പ് കൊവിഡ് പോസിറ്റീവായി രോഗമുക്തി നേടിയവരോ ആകുന്നതാണ് അഭികാമ്യം എന്നായിരുന്നു ആരോഗ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്.
കുഴപ്പിക്കുന്ന ഉത്തരവുമായി സർക്കാർ
സർക്കാർ ഉത്തരവ് എത്തിയപ്പോൾ ആരോഗ്യമന്ത്രിയുടെ പ്രസ്‌താവനയിലെ അഭികാമ്യം എന്നത് കർശന നിബന്ധനയായി. സമൂഹ മാധ്യമങ്ങളിലടക്കം വിമര്‍ശനവും പരിഹാസവുമായി നിരവധി പേരാണ് ഉത്തരവിനെതിരെ രംഗത്ത് എത്തിയത്. പ്രാബല്യത്തിലായ പുതിയ ഉത്തരവ് പ്രകാരം ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തുടരും. എന്നാല്‍ സ്വാതന്ത്ര്യ ദിനം, മൂന്നാം ഓണം എന്നീ ദിവസങ്ങളില്‍ ലോക്ക്ഡൗണിന് ഇളവു നല്‍കിയിട്ടുണ്ട്.