തിരുവനന്തപുരം :സംസ്ഥാനത്ത് വരുന്ന നാലാഴ്‌ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. സ്ഥിതി വിലയിരുത്താന്‍ ആരോഗ്യ വകുപ്പിന്‍റെ അടിയന്തര യോഗം ചൊവ്വാഴ്‌ച ചേരും.
എല്ലാ കാലത്തും അടച്ചിടാന്‍ സാധിക്കില്ല. ജീവനും ജീവിതോപാധിയും ഒരുപോലെ സംരക്ഷിക്കാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാര്‍. ഇതിന്‍റെ ഭാഗമായാണ് കടകള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കുമുള്ള നിയന്ത്രണങ്ങള്‍ കുറച്ചതെന്ന് മന്ത്രി പറഞ്ഞു.
കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് എല്ലാവര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പലയിടങ്ങളിലും ആള്‍ത്തിരക്കുണ്ടാകുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്.
അതീവ വ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസിന്‍റെ വലിയ ഭീഷണിയിലാണ് പല പ്രദേശങ്ങളും. കൂടാതെ മൂന്നാം തരംഗത്തിന്‍റെ ഭീഷണിയുമുണ്ട്.
അതിനാല്‍ ഓണാവധി കഴിഞ്ഞ് സ്ഥാപനങ്ങളും ഓഫിസുകളും തുറക്കുമ്പോള്‍ എല്ലാവരും ഒരുപോലെ അതീവ ജാഗ്രത പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
മൂന്നാം തരംഗം മുന്നിൽ കണ്ട് ആരോഗ്യ വകുപ്പ്
മൂന്നാം തരംഗം മുന്നില്‍ കണ്ട് ആരോഗ്യ വകുപ്പ് വളരെ നേരത്തെ തന്നെ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. താലൂക്ക് തലം മുതലുള്ള ആശുപത്രികളില്‍ ഓക്‌സിജന്‍ കിടക്കകളും ഐസിയുവും സജ്ജമാക്കി വരുന്നു.
വെന്‍റിലേറ്ററുകളുടെ എണ്ണവും വര്‍ധിപ്പിച്ചു. ജില്ല ജനറല്‍ ആശുപത്രികളിലെ ഐസിയു സംവിധാനങ്ങളെ മെഡിക്കല്‍ കോളജുകളുമായി ഓണ്‍ലൈനായി ബന്ധിപ്പിക്കും.
വാക്‌സിനേഷന്‍ ആരംഭിച്ചിട്ടില്ലാത്തതിനാല്‍ മൂന്നാം തരംഗം ഉണ്ടായാല്‍ കൂടുതലും ബാധിക്കുന്നത് കുട്ടികളെയാണെന്ന് കണ്ടെത്തിയതിനാല്‍ പീഡിയാട്രിക് ചികിത്സാസംവിധാനങ്ങള്‍ വര്‍ധിപ്പിച്ചുവരികയാണ്.
ഓക്‌സിജന്‍ സജ്ജീകരണമുള്ള 490 പീഡിയാട്രിക് കിടക്കകള്‍, 158 എച്ച്ഡിയു കിടക്കകള്‍, 96 ഐസിയു കിടക്കകള്‍ എന്നിങ്ങനെ ആകെ 744 കിടക്കകളാണ് കുട്ടികള്‍ക്കായി സജ്ജമാക്കുന്നത്.
ഓക്‌സിജൻ ഉറപ്പാക്കാൻ ആരോഗ്യവകുപ്പ്
ഓക്‌സിജന്‍റെ ലഭ്യത ഉറപ്പ് വരുത്തുന്നതിന് പ്രത്യേക പ്രാധാന്യം ആരോഗ്യ വകുപ്പ് നല്‍കുന്നുണ്ട്. സംസ്ഥാനത്ത് ആകെ 870 മെട്രിക് ടണ്‍ ഓക്‌സിജന്‍ കരുതല്‍ ശേഖരമായിട്ടുണ്ട്.
നിര്‍മാണ കേന്ദ്രങ്ങളില്‍ 500 മെട്രിക് ടണും കെ.എം.എസ്.സി.എല്‍. ബഫര്‍ സ്റ്റോക്കായി 80 മെട്രിക് ടണും ഓക്‌സിജന്‍ കരുതിയിട്ടുണ്ട്. ഇതുകൂടാതെ ആശുപത്രികളില്‍ 290 മെട്രിക് ടണ്‍ ഓക്‌സിജനും കരുതല്‍ ശേഖരമായിട്ടുണ്ട്.