തിരുവനന്തപുരം : പേരൂര്‍ക്കട ജില്ല ആശുപത്രിയില്‍ ( District hospital,Peroorkada) ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിന്‍റെ (Health Minister veena george) മിന്നല്‍ സന്ദര്‍ശനം. രാവിലെ 8ന് ആശുപത്രിയിലെത്തിയ മന്ത്രി രണ്ട് മണിക്കൂറോളം ചെലവഴിച്ചു. അത്യാഹിത വിഭാഗം , വിവിധ ഒ.പി.കള്‍, വാര്‍ഡുകള്‍, പേ വാര്‍ഡുകള്‍ (Pay ward), ഇസിജി റൂം എന്നിവ സന്ദര്‍ശിക്കുകയും രോഗികളുടേയും ജീവനക്കാരുടേയും പാരാതികള്‍ കേള്‍ക്കുകയും ചെയ്തു.
ഔദ്യോഗിക വാഹനം (Official vehicle ) ഉപേക്ഷിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടറോടൊപ്പം അദ്ദേഹത്തിന്‍റെ വാഹനത്തിലാണ് മന്ത്രി ആശുപത്രിയിലെത്തിയത്. രാവിലെ ആയതിനാല്‍ ആശുപത്രിയില്‍ തിരക്കായിരുന്നു. ആദ്യം ഒ.പി. വിഭാഗങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്. ഒഫ്ത്താല്‍മോളജി ഒ.പി.യും, ദന്തല്‍ ഒ.പി.യും ഒഴികെ മറ്റ് വിഭാഗങ്ങള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയില്ല.
ധാരാളം പേര്‍ മെഡിസിന്‍ ഒ.പി.യില്‍ കാണിക്കാന്‍ കാത്തിരുന്നെങ്കിലും ആ വിഭാഗത്തില്‍ ഡോക്ടര്‍മാര്‍ ആരും ഇല്ലായിരുന്നു. അവിടെ നിന്ന് ഓര്‍ത്തോ വിഭാഗത്തില്‍ (ortho department) എത്തിയപ്പോഴും ഇതായിരുന്നു അവസ്ഥ. 7 പേരുള്ള ഗൈനക്കോളജി വിഭാഗത്തില്‍ ഒ.പി. ഇല്ലെന്ന് ബോര്‍ഡ് വച്ചിരുന്നു. ഗൈനക്കോളജി ഓപ്പറേഷന്‍ തീയറ്ററിലും (operation theatre) ലേബര്‍ റൂമിലും ഉള്ള 3 ഗൈനക്കോളജിസ്റ്റുകളെ മന്ത്രി കണ്ടു.
ഒ.പി. വിഭാഗത്തിലെ ഡോക്ടര്‍മാരെ അന്വേഷിച്ചപ്പോള്‍ പലരും റൗണ്ട്സിലാണെന്ന വിവരമാണ് ലഭിച്ചത്. ഉടന്‍ തന്നെ മന്ത്രി വാര്‍ഡുകളിലെത്തി കേസ് ഷീറ്റ് പരിശോധിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ അവിടെയും എത്തിയിട്ടില്ലെന്ന് ബോധ്യമായി. മാത്രമല്ല വാര്‍ഡുകളില്‍ റൗണ്ട്സും കൃത്യമായി നടക്കുന്നില്ലെന്നും ബോധ്യപ്പെട്ടു. ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാരുടെ അറ്റന്റന്‍സ് പരിശോധിക്കുകയും കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.