തിരുവനന്തപുരം: ആയുഷ്‌മാന്‍ കേരള പദ്ധതിയില്‍ ഡോക്‌ടര്‍ നിയമനം വാഗ്‌ദാനം ചെയ്‌ത് മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് ഉള്‍പ്പെട്ട സംഘം പണം തട്ടിയെന്ന പരാതിയില്‍ പരാതിക്കാരനായ മലപ്പുറം സ്വദേശിയും വിരമിച്ച സ്‌കൂള്‍ അധ്യാപകനുമായ ഹരിദാസന്‍റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി (Allegation of bribery against ministers personal staff). കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്ന കന്റോണ്‍മെന്‍റ് പൊലീസ് മലപ്പുറത്തെ ഹരിദാസന്‍റെ വസതിയില്‍ നേരിട്ടെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.
ഇതു സംബന്ധിച്ച് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡിജിപിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചത്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ പരാതിയില്‍ ആരോപണ വിധേയന്‍റെ മൊഴി രേഖപ്പെടുത്തിയാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തത്. സംഭവവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ അഖില്‍ മാത്യുവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചത്. അതേ സമയം പരാതിക്കാരനായ ഹരിദാസന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനു നല്‍കിയ പരാതി ഇതുവരെയും പൊലീസിനു കൈമാറിയിട്ടില്ലെന്നത് സംഭവത്തിന്‍റെ ദുരൂഹത ഉയര്‍ത്തുന്നു.
മന്ത്രിയുടെ പിഎ അഖില്‍ മാത്യുവിനെതിരെ പണാപഹരണം സംബന്ധിച്ച ഗുരുതര ആരോപണമുയര്‍ന്നിട്ടും അതിന്‍റെ വസ്‌തുത പുറത്തു കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മന്ത്രിയുടെ ഓഫിസ് പൊലീസിനെ സമീപിക്കുന്നതിനു പകരം ആഭ്യന്തര അന്വേഷണമാണ് നടത്തുന്നത്. സെപ്‌റ്റംബര്‍ 13ന് മന്ത്രിയുടെ ഓഫീസിലെത്തിയ പരാതിയില്‍ ആരോപണ വിധേയനായ പേഴ്‌സണല്‍ സ്റ്റാഫിനോടു വിശദീകരണം തേടിയ ശേഷം സെപ്‌റ്റംബര്‍ 20ന് ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചുവെന്നും 23 ന് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയെന്നുമാണ് മന്ത്രി മാധ്യമങ്ങളോട് വിശദീകരിച്ചത്. എന്നാല്‍ ഇതും വസ്‌തുതാവിരുദ്ധമാണെന്ന് ഇന്നലെ വ്യക്തമായി.