തിരുവനന്തപുരം : ആരോഗ്യ മന്ത്രിയുടെ പ്രൈവറ്റ് സ്റ്റാഫ് (Health Minister Personal Staff Allegation) അഖിൽ മാത്യു നിയമനത്തിന് പണം വാങ്ങിയെന്ന ഹരിദാസന്‍റെ വാദം പൊളിയുന്നു. സംഭവത്തിൽ തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് നടത്തിയ പരിശോധനയിൽ അഖിൽ മാത്യുവിന് ഹരിദാസൻ പണം കൈമാറുന്നതിന്‍റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചില്ല. സെക്രട്ടേറിയറ്റ് അനക്‌സ് കെട്ടിടത്തിലെ ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത്.
എന്നാൽ ദൃശ്യങ്ങളിൽ ഒന്നും അഖിൽ മാത്യുവിന് ഹരിദാസൻ പണം കൈമാറുന്നതിന്‍റെ തെളിവില്ല. ഹരിദാസൻ ആരോപണം ഉന്നയിക്കുന്ന ഏപ്രിൽ 10ന് താൻ തിരുവനന്തപുരത്ത് ഇല്ലായിരുന്നതായി അഖിൽ മാത്യു നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇതു ശരി വയ്‌ക്കുന്ന തെളിവുകളാണ് ഇപ്പോൾ പൊലീസിന് ലഭിച്ചിരിക്കുന്നത്.
സംഭവത്തിൽ പൊലീസ് നേരത്തെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലും അഖിൽ മാത്യുവിനെതിരെ തെളിവുകൾ (Evidence Against Akhil Mathew) ഒന്നും ലഭിച്ചിട്ടില്ല. സെക്രട്ടേറിയറ്റ് പരിസരത്ത് അഖിൽ മാത്യുവിന് ഒരു ലക്ഷം രൂപ കൈമാറിയതായിട്ടായിരുന്നു (Bribery Allegation) ഹരിദാസൻ ആരോപിച്ചിരുന്നത്. എന്നാൽ തെളിവുകള്‍ ഇല്ലെങ്കിലും പണം കൈമാറി എന്ന ആരോപണത്തിൽ ഹരിദാസൻ ഇപ്പോഴും ഉറച്ച് നിൽക്കുകയാണ്.
Also Read :Health Minister Personal Staff Allegation: മെഡിക്കല്‍ ഓഫിസര്‍ നിയമനത്തിന് 5 ലക്ഷം രൂപ വാങ്ങി; മന്ത്രി വീണ ജോര്‍ജിന്‍റെ സ്റ്റാഫിനെതിരെ ഗുരുതര ആരോപണം
പണം കൈമാറിയത് അഖിൽ മാത്യുവിന് തന്നെയാണോ എന്ന് കാഴ്‌ചയ്‌ക്ക് പ്രശ്‌നമുള്ളത് കൊണ്ട് ഇപ്പോൾ സംശയമുണ്ടെന്നും ഹരിദാസൻ രാവിലെ പ്രതികരിച്ചിരുന്നു. തന്‍റെ പേരിൽ ആൾ മാറാട്ടം നടത്തി എന്ന് ചൂണ്ടിക്കാട്ടി അഖിൽ മാത്യു നൽകിയ പരാതിയിലാണ് ഇപ്പോൾ കന്‍റോൺമെന്‍റ് പൊലീസ് അന്വേഷണം തുടരുന്നത്. ആയുഷ്‌മാന്‍ കേരള പദ്ധതിയില്‍ ഡോക്‌ടര്‍ നിയമനം വാഗ്‌ദാനം ചെയ്‌ത് മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് ഉള്‍പ്പെട്ട സംഘം പണം തട്ടിയെന്ന പരാതിയില്‍ പരാതിക്കാരനായ മലപ്പുറം സ്വദേശിയും വിരമിച്ച സ്‌കൂള്‍ അധ്യാപകനുമായ ഹരിദാസന്‍റെ മൊഴി അന്വേഷണ സംഘം നേരത്തെ തന്നെ രേഖപ്പെടുത്തിയിരുന്നു.
കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്ന കന്‍റോൺമെന്‍റ് പൊലീസ് മലപ്പുറത്തെ ഹരിദാസന്‍റെ വസതിയില്‍ നേരിട്ടെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. സെപ്‌റ്റംബര്‍ 13ന് മന്ത്രിയുടെ ഓഫിസിലെത്തിയ പരാതിയില്‍ ആരോപണ വിധേയനായ പേഴ്‌സണല്‍ സ്റ്റാഫിനോട് വിശദീകരണം തേടിയ ശേഷം സെപ്‌റ്റംബര്‍ 20ന് ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചുവെന്നും 23 ന് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയെന്നുമാണ് മന്ത്രി മാധ്യമങ്ങളോട് വിശദീകരിച്ചത്. പൊലീസ് ആസ്ഥാനത്തേക്ക് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഇമെയിലായി പരാതി നല്‍കിയത് സെപ്‌റ്റംബര്‍ 26നാണെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ സിഎച്ച് നാഗരാജു മാധ്യമങ്ങളോട് വ്യക്തമാക്കുകയായിരുന്നു.
Also Read :Health Minister Personal Staff Akhil Mathew Bribery Allegation: 'ആരോഗ്യമന്ത്രിയുടെ പിഎ കോഴവാങ്ങിയതിന് തെളിവില്ല'; പണം നല്‍കിയ ദിവസം അഖില്‍ മാത്യു സ്ഥലത്തില്ലായിരുന്നുവെന്ന് പൊലീസ്