തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ പിഎ അഖില്‍ മാത്യു ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടിയെടുത്തുവെന്ന പരാതിയിൽ തെളിവില്ലെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം (Health Minister Personal Staff Allegation). മലപ്പുറം സ്വദേശിയായ ഹരിദാസനാണ് അഖില്‍ മാത്യുവിനെതിരെ പരാതി നൽകിയത്. ഹരിദാസന്‍ പണം നല്‍കിയതായി പറയുന്ന ഏപ്രിൽ 10ന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പ്രകാരം അഖില്‍ മാത്യു പത്തനംതിട്ടയിലാണെന്നാണ് പൊലീസ് പറയുന്നത് (Police On Akhil Mathew Bribery Allegation).
അന്ന് പത്തനംതിട്ടയിലെ ഒരു വിവാഹ ചടങ്ങില്‍ അഖില്‍ മാത്യു പങ്കെടുക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നത് സാധൂകരിക്കുന്ന നിലയിലാണെന്നാണ് പൊലീസിന്‍റെയും കണ്ടെത്തല്‍. അതേസമയം, ഏപ്രില്‍ 10ന് പരാതിക്കാരനായ ഹരിദാസന്‍റെ ടവര്‍ ലൊക്കേഷന്‍ പ്രകാരം അദ്ദേഹം തിരുവനന്തപുരത്താണ്. പൊലീസിന്‍റെ ഈ കണ്ടെത്തല്‍ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കി.
പണം നല്‍കിയത് അഖില്‍ മാത്യുവിനാണോ എന്ന കാര്യത്തില്‍ തനിക്ക് വ്യക്തതയില്ലെന്നും തനിക്ക് കാഴ്‌ച പ്രശ്‌നമുണ്ടെന്നുമുള്ള പരാതിക്കാരന്‍റെ മൊഴിയും കൂടുതല്‍ ദുരൂഹത ഉയര്‍ത്തുന്നതാണ്. ഇതെല്ലാം കണക്കിലെടുത്ത് പരാതിക്കാരന്‍റെ മൊഴി വശദമായി പരിശോധിക്കാനാണ് പൊലീസിന്‍റെ തീരുമാനം. ഏകദേശം 8 മണിക്കൂറിലധികം പൊലീസ് സംഘം ഹരിദാസനില്‍ നിന്ന് മൊഴി എടുത്തു.
മലപ്പുറത്തെ ഹരിദാസന്‍റെ വീട്ടിലെത്തിയാണ് കേസ് അന്വേഷിക്കുന്ന കന്‍റോണ്‍മെന്‍റ് പൊലീസ് സംഘം മൊഴി രേഖപ്പെടുത്തിയത്. ഏപ്രില്‍ 10നും 11നും ഹരിദാസന്‍ തിരുവനന്തപുരത്ത് ഉണ്ടായിരുന്നു എന്നാണ് ടവര്‍ ലൊക്കേഷന്‍ കാണിക്കുന്നത്. ആള്‍മാറാട്ടം നടന്നോ എന്നതും പരിശോധിക്കും.