തിരുവനന്തപുരം:കതകിനിടയിൽപ്പെട്ട് കൈവിരലുകൾ അറ്റുതൂങ്ങിയ കുട്ടിയ്ക്ക് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ വൈകിയ സംഭവത്തിൽ ആരോഗ്യമന്ത്രി വീണ ജോർജിന്‍റെ ഇടപെടൽ. കുട്ടിക്ക് അടിയന്തര ചികിത്സ നൽകുന്നതിൽ വീഴ്‌ച വരുത്തിയിട്ടുണ്ടെങ്കിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. കരമന സത്യൻ നഗറിൽ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശികളായ ഷാഹുൽ - ഡിന്നിമയി സഹു ദമ്പതികളുടെ മകൾക്കാണ് ദുരനുഭവമുണ്ടായത്.
സംഭവം തിരുവനന്തപുരം മെഡിക്കൽ കോളജിൽ: വെള്ളിയാഴ്‌ച (മെയ് 27) ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. കുട്ടിയുടെ ഇടതുകൈയിലെ മൂന്നു വിരലുകളാണ് കതകിനിടയിൽപ്പെട്ട് മുറിഞ്ഞു തൂങ്ങിയത്. കുട്ടിയെ ആദ്യം അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മറ്റെവിടെയെങ്കിലും കൊണ്ടുപോകാനായിരുന്നു നിർദേശം.