തിരുവനന്തപുരം:പകർച്ചപ്പനിക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. പനി രോഗമല്ല, രോഗലക്ഷണമാണ്. കൊവിഡ് 19, ഡെങ്കിപ്പനി, എലിപ്പനി, മലമ്പനി, ചിക്കുൻ ഗുനിയ, ചെള്ളു പനി, എച്ച് 1 എൻ 1, ചിക്കൻപോക്‌സ്, സിക, കുരങ്ങുപനി, ജപ്പാൻ ജ്വരം തുടങ്ങിയവയ്ക്ക് പനി ലക്ഷണമായതിനാൽ സ്വയം ചികിത്സിക്കാതെ ഡോക്‌ടറെ സമീപിച്ച് ചികിത്സ തേടുകയാണ് വേണ്ടതെന്നും മന്ത്രി നിർദേശിച്ചു. ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയവയ്‌ക്കെതിരെ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും ആരോഗ്യ മന്ത്രി ചൂണ്ടിക്കാട്ടി.
അവഗണിക്കരുത് ഈ ലക്ഷണങ്ങൾ: പനിയോടൊപ്പം തുടർച്ചയായ ഛർദ്ദി, വയറുവേദന, ഏതെങ്കിലും ശരീരഭാഗത്തു നിന്നുള്ള രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ടൽ, ശരീരം ചുവന്നു തടിക്കൽ, മൂത്രത്തിന്‍റെ അളവു കുറയൽ, കഠിനമായ ക്ഷീണം, ബോധക്ഷയം, ജന്നി, കഠിനമായ തലവേദന, പരസ്‌പര വിരുദ്ധമായ സംസാരം, ശരീരം തണുത്തു മരവിക്കൽ, തളർച്ച, ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, രക്തസമ്മർദ്ദം അധികമായി താഴൽ, കുട്ടികളിൽ തുടർച്ചയായ കരച്ചിൽ എന്നിവ കണ്ടാൽ ഉടൻ ഡോക്‌ടറുടെ സേവനം തേടുക.