തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കെയര്‍ ഹോമുകള്‍ക്ക് പ്രത്യേക ജാഗ്രത നിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ്. സംസ്ഥാനത്തെ കെയര്‍ ഹോമുകള്‍ ഗൗരവത്തോടെ സാഹചര്യത്തെ സമീപിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കെയര്‍ ഹോമിലെ അന്തേവാസികളില്‍ ഒരാള്‍ക്ക് കൊവിഡ് ബാധിച്ചാല്‍ ഹോമിലുള്ള മുഴുവന്‍ ആളുകളെയും പരിശോധിക്കണം.
കൊവിഡ് ഗുരുതരമാകുന്നു: പ്രായമായവര്‍ക്കും മറ്റ് രോഗങ്ങളുള്ളവര്‍ക്കും കൊവിഡ് ഗുരുതരമാകാമെന്ന സാധ്യത കണക്കിലെടുത്താണ് ഈ നിര്‍ദേശം. സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. പ്രതിദിന രോഗികളുടെ എണ്ണം ദിവസങ്ങളായി രണ്ടായിരത്തിന് മുകളിലാണ്.
രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണ്. സംസ്ഥാനത്ത് ഇന്നലെ 2484 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് കൊവിഡ് കേസുകള്‍ കൂടുതല്‍.
അഡ്‌മിഷന്‍ കേസുകള്‍ ചെറുതായി കൂടുന്നുണ്ടെങ്കിലും ആകെ രോഗികളില്‍ 0.9 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും ഒരു ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയു കിടക്കകളും വേണ്ടി വന്നിട്ടുള്ളത്. ആക്‌ടീവ് കേസുകളുടെ എണ്ണം 20,000 കടന്നു. ഇന്ന് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൊവിഡ് സ്ഥിതി വിലയിരുത്തുന്നതിനായി ആരോഗ്യ വകുപ്പിന്‍റെയും ജില്ല കലക്‌ടര്‍മാരുടെയും യോഗം ചേര്‍ന്നിരുന്നു.
സ്വകാര്യ ആശുപത്രികളിലും ചികിത്സ സജ്ജമാക്കണം: സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ കൊവിഡ് രോഗികള്‍ക്ക് പ്രത്യേകമായി കിടക്കകള്‍ മാറ്റിവയ്ക്കാന്‍ നേരത്തെ തന്നെ നിര്‍ദേശിച്ചിരുന്നു. ഇക്കാര്യം ഉറപ്പു വരുത്താന്‍ യോഗത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കി. ചില സ്വകാര്യ ആശുപത്രികള്‍ ചികിത്സയിലുള്ളവര്‍ക്ക് കൊവിഡ് ബാധിക്കുമ്പോള്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പറഞ്ഞു വിടുന്നുവെന്ന പരാതിയുണ്ട്.