തിരുവനന്തപുരം:ബ്രഹ്മപുരം തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തില്‍ ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് സര്‍വേ നടത്താന്‍ ആരോഗ്യ വകുപ്പ് തീരുമാനം. ബ്രഹ്മപുരത്തും സമീപ പ്രദേശങ്ങളിലുമാണ് ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ പരിശോധന നടത്തുക. തീപിടിത്തത്തെ തുടര്‍ന്നുള്ള പുക നിമിത്തം ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്താനാണ് സര്‍വേ നടത്തുന്നത്.
ഓരോ വീട്ടിലുമെത്തി പരിശോധന നടത്താനാണ് തീരുമാനം. പുക ശ്വസിച്ചതുമായി ബന്ധപ്പെട്ടുള്ള രോഗലക്ഷണങ്ങള്‍ ഉള്ളവരുണ്ടെങ്കില്‍ അവരെ കണ്ടെത്തി വിദഗ്‌ധ ചികിത്സ ഉറപ്പാക്കുകയാണ് ആരോഗ്യ വകുപ്പിന്‍റെ ശ്രമം. കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, മറ്റ് രോഗമുള്ളവര്‍ എന്നിവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തും. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുള്ളവര്‍ എത്രയും വേഗം ഡോക്‌ടറെ കാണണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി.
കൈകെട്ടി നിന്ന് ആരോഗ്യ വകുപ്പ്: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിിത്തത്തില്‍ ആരോഗ്യവകുപ്പ് കാര്യമായ നടപടികള്‍ ഇതുവരെ സ്വീകരിച്ചിരുന്നില്ല. വായുമലിനീകരണവും ഇവിടെ നിന്നുമുള്ള പുക ശ്വസിക്കുന്നതു മൂലവും ഉണ്ടാകുന്ന ശാരീരിക പ്രശ്‌നങ്ങള്‍ സംബന്ധിച്ച് കൃത്യമായൊരു വിശദീകരണവും സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും ഉണ്ടായിയിരുന്നില്ല. ഇത്തരം വിമര്‍ശനം രൂക്ഷമായതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് സര്‍വേ അടക്കമുള്ള നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.
ഇത്തരം ഒരു പ്രശ്‌നങ്ങൾ ഒന്നും തന്നെ ഇല്ലെന്ന് പറയുന്നുണ്ടെങ്കിലും സ്ഥിതി രൂക്ഷമാണെന്ന സൂചനകളാണ് ആരോഗ്യ വകുപ്പിന്‍റെ നടപടികള്‍ നല്‍കുന്നത്. ബ്രഹ്മപുരത്തെ വിഷയങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ നേതൃത്വത്തില്‍ അവലോകനം യോഗം ചേര്‍ന്നിരുന്നു. ഇതിനു ശേഷമാണ് സര്‍വേ നടത്താന്‍ തീരുമാനമെടുത്തത്. എല്ലാ ആശുപത്രികളിലും മതിയായ ചികിത്സ സൗകര്യങ്ങള്‍ ഉറപ്പ് വരുത്താനും ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.