തിരുവനന്തപുരം : സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ പകർച്ചവ്യാധികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം (Health Department on diseases). ക്യാമ്പില്‍ ആര്‍ക്കെങ്കിലും പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഉണ്ടെങ്കില്‍ മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ വരാതെ പാര്‍പ്പിക്കണം എന്നും ജീവിതശൈലീ രോഗമുള്ളവരെയും മറ്റ് അസുഖ ബാധിതരെയും പ്രത്യേകം ശ്രദ്ധിക്കണം എന്നും നിര്‍ദേശമുണ്ട്. കുട്ടികള്‍, ഗര്‍ഭിണികള്‍, കിടപ്പ് രോഗികള്‍ എന്നിവര്‍ക്ക് പ്രത്യേക കരുതല്‍ നല്‍കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി (Health Department Instructions).
എലിപ്പനി (Leptospirosis) പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ ഉറപ്പ് വരുത്തണം. ആരോഗ്യ പ്രവര്‍ത്തകര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് ആവശ്യമായവര്‍ക്ക് ചികിത്സ ഉറപ്പാക്കണം. മഴയ്ക്ക് ശേഷം വരുന്ന രോഗങ്ങളെ ശ്രദ്ധിക്കണം. ക്യാമ്പും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കൊതുകിന്‍റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണം.
ജലജന്യ രോഗങ്ങള്‍, ജന്തുജന്യ രോഗങ്ങള്‍, വായുജന്യ രോഗങ്ങള്‍, പ്രാണിജന്യ രോഗങ്ങള്‍ എന്നിവ ശ്രദ്ധിക്കണം. എലിപ്പനി, ഡെങ്കിപ്പനി (Dengue fever), വയറിളക്കം, ടൈഫോയ്‌ഡ് (Typhoid), മഞ്ഞപ്പിത്തം (Jaundice), വൈറല്‍ പനികള്‍ എന്നിവയാണ് മഴയ്ക്ക് അനുബന്ധമായി അധികമായി കണ്ടുവരുന്ന രോഗങ്ങള്‍. ക്യാമ്പിലുള്ളവര്‍ മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണ്. ഇതിലൂടെ വിവിധതരം വായുജന്യ രോഗങ്ങളെയും പ്രതിരോധിക്കാനും സാധിക്കും. നിലവിലെ സാഹചര്യങ്ങൾ ആരോഗ്യ വകുപ്പ് യോഗം ചേര്‍ന്ന് വിലയിരുത്തിയ ശേഷമാണ് നിർദേശങ്ങൾ നൽകിയത്.
എലിപ്പനി : മണ്ണുമായോ മലിന ജലവുമായോ സമ്പര്‍ക്കമുള്ളവരും സന്നദ്ധ പ്രവര്‍ത്തകരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. മലിനജലവുമായി സമ്പര്‍ക്കം വരുന്ന കാലയളവില്‍ പരമാവധി ആറ് ആഴ്‌ചത്തേക്ക് ആഴ്‌ചയിലൊരിക്കല്‍ ഡോക്‌സിസൈക്ലിന്‍ ഗുളിക 200 മില്ലീഗ്രാം (100 മില്ലീഗ്രാമിന്‍റെ രണ്ട് ഗുളിക വീതം) കഴിച്ചിരിക്കേണ്ടതാണ്. ആരംഭത്തില്‍ എലിപ്പനി കണ്ടെത്തി ചികിത്സിച്ചാല്‍ സങ്കീര്‍ണതകളില്‍ നിന്നും മരണത്തില്‍ നിന്നും രക്ഷ നേടാന്‍ സാധിക്കും.