തിരുവനന്തപുരം:ആശുപത്രി കോമ്പൗണ്ടിനുള്ളില്‍ വിഐപികൾ അടക്കമുള്ള അതിഥികളെത്തുമ്പോൾ വലിയ വാദ്യഘോഷങ്ങൾ കരിമരുന്ന് പ്രയോഗവും നമ്മുടെ നാട്ടിലെ പതിവ് കാഴ്‌ചയാണ്. എന്നാൽ ഇനിമുതൽ ഇത്തരത്തിൽ വലിയ ശബ്‌ദത്തിലുള്ള ആഘോഷങ്ങൾ വേണ്ടെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി. ആശുപത്രി കൊമ്പൗണ്ടിൽ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചു.
നിര്‍ദേശങ്ങള്‍ എന്തെല്ലാം:ആശുപത്രി കോമ്പൗണ്ടിനടുത്ത് പരിപാടികള്‍ നടത്തുമ്പോള്‍ വലിയ ശബ്‌ദഘോഷങ്ങളോ കരിമരുന്ന് പ്രയോഗമോ പാടില്ല. രോഗീ സൗഹൃദമായിരിക്കണം ചടങ്ങുകൾ. രോഗികള്‍, കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്ക് ഒരു തരത്തിലും അസ്വസ്ഥതകള്‍ ഉണ്ടാക്കാന്‍ പാടില്ലെന്നും നിര്‍ദേശത്തിലുണ്ട്. രോഗികള്‍ക്കോ കൂട്ടിരിപ്പുകാര്‍ക്കോ പ്രയാസം നേരിടാതിരിക്കാന്‍ ആശുപത്രി അധികൃതര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും മാർഗനിർദേശമുണ്ട്. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായും അല്ലാതെയുമുള്ള പരിപാടികള്‍ ആശുപത്രി കോമ്പൗണ്ടിനുള്ളില്‍ സംഘടിപ്പിക്കുമ്പോള്‍ സര്‍ക്കുലറിലെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രധാന മാർഗനിർദ്ദേശങ്ങൾ: 1. ആശുപത്രികളിലെ പൊതു അന്തരീക്ഷം രോഗി സൗഹൃമായി നിലനിര്‍ത്തുന്നുണ്ട് എന്ന് ഉറപ്പാക്കുന്നതില്‍ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
2. വിവിധ രോഗങ്ങളാല്‍ വലയുന്നവര്‍ക്കും, ഗര്‍ഭിണികള്‍ക്കും, നവജാത ശിശുകള്‍ക്കും പ്രയാസമുണ്ടാക്കും എന്നതുകൊണ്ട് ആശുപത്രി കോമ്പൗണ്ടിനുള്ളില്‍ ബാന്റ് മേളം, വാദ്യഘോഷങ്ങള്‍, കരിമരുന്ന് പ്രയോഗം മുതലായവ ഒഴിവാക്കേണ്ടതാണ്.
ഭക്ഷ സുരക്ഷയ്‌ക്ക് ഗ്രിവന്‍സ് പോര്‍ട്ടലും:അതേസമയം കേരളം സുരക്ഷിത ഭക്ഷണം ലഭിക്കുന്ന ഇടമാക്കുന്നതിന്‍റെ ഭാഗമായി ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ ഗ്രിവന്‍സ് പോര്‍ട്ടലും ഇന്ന് നിലവില്‍ വന്നിരുന്നു. ആരോഗ്യമന്ത്രി വീണ ജോര്‍ജാണ് ഗ്രിവന്‍സ് പോര്‍ട്ടലിന്‍റെ ഉദ്‌ഘാടനം നിര്‍വഹിച്ചത്. ഓൺലൈനായി ഭക്ഷണം സംബന്ധിച്ച് പരാതികള്‍ നൽകുന്നതിനും അതിൽ സ്വീകരിച്ച നടപടികൾ അറിയുന്നതിനുമായാണ് പോർട്ടൽ പ്രവര്‍ത്തിക്കുക. മാത്രമല്ല പരാതി സംബന്ധിച്ചുള്ള ഫോട്ടോയും വീഡിയോയും അപ്‌ലോഡ് ചെയ്യാനും പോര്‍ട്ടലില്‍ സൗകര്യമുണ്ട്.
തെളിവ് സഹിതം പരാതിപ്പെടാം:ഭക്ഷണം കഴിച്ച ഹോട്ടലിന്‍റെ പേരും വിവരങ്ങളുമടക്കം പോര്‍ട്ടലില്‍ കുറിക്കുന്ന പരാതിയിൽ നൽകാനാവും. മോശം ഭക്ഷണം ലഭ്യമാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ വേഗത്തിൽ നടപടി സ്വീകരിക്കാനും പൊതുജനങ്ങൾക്ക് പരാതികൾ നൽകുന്നതിന് സൗകര്യം ഒരുക്കുന്നതിനുമാണ് പുതിയ പോർട്ടൽ നിലവില്‍ വന്നിട്ടുള്ളത്. മുമ്പ് ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ ടോൾ ഫ്രീ നമ്പറിൽ പരാതി നൽകാൻ മാത്രമാണ് കഴിഞ്ഞിരുന്നത്. കൂടാതെ ടോൾ ഫ്രീ നമ്പറുകൾ ഹോട്ടലുകളിൽ പ്രദർശിപ്പിക്കണമെന്ന നിയമവുമുണ്ടായിരുന്നു. എന്നാല്‍ പുതിയ സംവിധാനം എത്തിയതോടെ ഫോട്ടോയും വീഡിയോയും അപ്‌ലോഡ് ചെയ്യാമെന്നതാണ് ഏറെ സവിശേഷത. പരാതികളിലെ തർക്കങ്ങൾ ഒഴിവാക്കാൻ പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്നതാണ് വകുപ്പിന്‍റെ വിലയിരുത്തൽ.
എല്ലാം തുടങ്ങിയത് ഇവിടെ:സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധ തുടരെ റിപ്പോര്‍ട്ട് ചെയ്‌ത സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നിരവധി നടപടികളുമായാണ് രംഗത്തെത്തിയത്. ഇതിന്‍റെ ഭാഗമായി ഗ്രിവൻസ് പോര്‍ട്ടലിന് പുറമെ ഹോട്ടല്‍ ജീവനക്കാര്‍ക്കുള്ള ഹെല്‍ത്ത് കാര്‍ഡും സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു. കോട്ടയത്ത് ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയിലിരിക്കെ നഴ്‌സ് മരിച്ച സംഭവത്തെ തുടര്‍ന്നാണ് സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധ ആശങ്ക ഉയരുന്നത്.