തിരുവനന്തപുരം: കൊവിഡ് വാക്‌സിനുകൾ വിതരണം ചെയ്യുന്നതിന് നടപടികൾ തുടങ്ങി ആരോഗ്യവകുപ്പ്. ഇതിനായി സംസ്ഥാന നോഡൽ ഓഫീസറെ ആരോഗ്യ വകുപ്പ് നിയമിച്ചു. ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർമാർക്കും നിർദേശം നൽകിയിട്ടുണ്ട്. ആരോഗ്യപ്രവർത്തകർക്ക് ആദ്യം കൊവിഡ് വാക്‌സിൻ നൽകാനാണ് തീരുമാനം. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ ആരോഗ്യ പ്രവർത്തകരുടെയും വിവരശേഖരണം തുടങ്ങി.
കൊവിഡ് വാക്‌സിനുകൾ വിതരണം ചെയ്യാനുള്ള നടപടികൾ ആരംഭിച്ച് ആരോഗ്യ വകുപ്പ് - കൊവിഡ് വാക്‌സിൻ വിതരണം
കൊവിഡ് വാക്‌സിൻ വിതരണത്തിൽ ആരോഗ്യ പ്രവർത്തകർക്ക് മുൻഗണന നൽകും.
സർക്കാർ സ്വകാര്യ മേഖലയിൽ നിന്നുള്ള ആരോഗ്യപ്രവർത്തകർ, ആയുഷ് വകുപ്പിനും ദേശീയ ആരോഗ്യ ദൗത്യത്തിനും കീഴിൽ പ്രവർത്തിക്കുന്നവർ എന്നിവർക്കാണ് മുൻഗണന നൽകിയിരിക്കുന്നത്. ടാസ്‌ക് ഫോഴ്‌സിൽ അംഗങ്ങളായ ആരോഗ്യ വകുപ്പിലെയും മറ്റു വകുപ്പുകളിലെയും ഉദ്യോഗസ്ഥരാണ് വിവരങ്ങൾ സ്വീകരിക്കുക. പേര്, വയസ്, തിരിച്ചറിയൽ കാർഡ്, മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്. വാക്‌സിൻ നൽകി കഴിഞ്ഞാൽ ആരോഗ്യ പ്രവർത്തകരുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നതിനുള്ള സംവിധാനവും ഒരുക്കും.
ലഭ്യമാകുന്ന വാക്‌സിനുകൾ സ്വീകരിക്കാനും സൂക്ഷിക്കാനുമുള്ള സംവിധാനങ്ങളും ഒരുക്കി കഴിഞ്ഞു. രണ്ടാം ഘട്ടത്തിൽ പ്രായമായവരെയും മറ്റ് അസുഖങ്ങൾ ഉള്ളവരെയും പരിഗണിക്കാനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം. വാക്‌സിനുകൾ വിതരണം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങണമെന്ന് ഐസിഎംആർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. ഇതിനെ തുടർന്നാണ് സംസ്ഥാന ആരോഗ്യവകുപ്പ് ദ്രുതഗതിയിൽ ക്രമീകരണങ്ങൾ ഒരുക്കുന്നത്.