ഹെൽത്ത് കാർഡിനുള്ള തിരക്ക് തിരുവനന്തപുരം:സംസ്ഥാനത്തെ ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയതോടെ തിരുവനന്തപുരം നഗരസഭ ഡിസ്‌പെൻസറിക്ക് മുൻപിൽ നീണ്ട ക്യു. ഫെബ്രുവരി 1 ന് മുൻപ് ജീവനക്കാർ ഹെൽത്ത് കാർഡ് പുതുക്കണമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിർദേശം. ഇതോടെ പുലർച്ചെ 6 മുതൽ ഡിസ്‌പെൻസറിക്ക് മുൻപിൽ വലിയ തിരക്കാണ് രൂപപ്പെട്ടത്.
സംസ്ഥാനത്തെ വിവിധ ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധയേറ്റ കേസുകൾ വർധിച്ച സാഹചര്യത്തിലാണ് ജീവനക്കാരുടെ ഹെൽത്ത് കാർഡ് പുതുക്കാനുള്ള നിർദേശം ആരോഗ്യ വകുപ്പ് നൽകിയത്. മുൻപ് ഹോട്ടൽ ജീവനക്കാരുടെ ഹെൽത്ത് കാർഡിനുള്ള കാലാവധി ഒരു വർഷമായിരുന്നു. പുതിയ ഉത്തരവിൽ ഇത് 6 മാസത്തേക്ക് ചുരുക്കിയിട്ടുണ്ട്.
നെട്ടോട്ടം: ഫെബ്രുവരി 1 നകം ഹെൽത്ത് കാർഡ് പുതുക്കണമെന്ന നിർദേശം നൽകിയതോടെയാണ് ഹോട്ടൽ ജീവനക്കാർ കാർഡ് പുതുക്കാൻ എത്തിയത്. ഇനി എട്ട് ദിവസം മാത്രമേ ഇനി ഹെൽത്ത് കാർഡ് പുതുക്കാനായി സമയം ലഭിക്കുകയുള്ളു. മുൻപ് ഹോട്ടലിലെ പാചകവുമായി ബന്ധപ്പെട്ടവർക്ക് മാത്രമേ ഹെൽത്ത് കാർഡ് നിർബന്ധമായിരുന്നുള്ളു.
എന്നാൽ പുതിയ ഉത്തരവ് പ്രകാരം ഹോട്ടലിലെ എല്ലാ ജീവനക്കാർക്കും ഹെൽത്ത് കാർഡ് നിർബന്ധമാണ്. അതിനാൽ ഇത് വരെ ഹെൽത്ത് കാർഡ് എടുക്കാത്തവർക്കും ഇത് ബാധകമാവുകയാണ്. ഇതിനായി നഗരസഭയിൽ പുതിയ അപേക്ഷയും സമർപ്പിക്കേണ്ടതുണ്ട്.
ഈ നടപടികൾ എല്ലാം പൂർത്തീകരിച്ച് ഫെബ്രുവരി 1 നകം ഹെൽത്ത് കാർഡ് എടുക്കാൻ കഴിയുമോ എന്ന അങ്കലാപ്പിലാണ് ഹോട്ടൽ ജീവനക്കാരും ഉടമകളും. സമയപരിധി തീരുന്നതിനാൽ ഹോട്ടലിലെ മുഴുവൻ ജീവനക്കാരുമായി ഹെൽത്ത് കാർഡിനായി ഡിസ്‌പെൻസറിക്ക് മുൻപിൽ ക്യു നിൽക്കുകയാണ് ഹോട്ടലുടമകൾ.
ജീവനക്കാർ ഇല്ലാത്തതോടെ ഹോട്ടലുകളുടെ പ്രവർത്തനത്തെയും ഇത് ഗുരുതരമായി ബാധിച്ചിട്ടുണ്ട്. സമയ പരിധി കഴിഞ്ഞാൽ പിന്നെ പരിശോധനക്ക് എത്തുമ്പോൾ ജീവനകാർക്ക് ഹെൽത്ത് കാർഡ് ഇല്ലെങ്കിൽ ഹോട്ടലിന്‍റെ ലൈസൻസ് വരെ റദ്ദാക്കാൻ ആരോഗ്യ വകുപ്പിന് കഴിയും.
സൗകര്യങ്ങളില്ലാതെ ഡിസ്‌പെൻസറികൾ: ഡിസ്‌പെൻസറിയിൽ വേണ്ടത്ര സൗകര്യങ്ങൾ ഇല്ലാത്തതും വെല്ലുവിളിയാവുകയാണ്. തിരുവനന്തപുരം നഗരസഭ പരിധിയിലെ അഞ്ഞൂറിലധികം വരുന്ന ഭക്ഷണശാലകൾക്കായി നിലവിൽ 2 ഡിസ്‌പെൻസറികളിൽ മാത്രമാണ് ഹെൽത്ത് കാർഡിനുള്ള പരിശോധനയുള്ളത്. പുതിയ ഉത്തരവ് നിലവിൽ വന്ന ശേഷം പുലർച്ചെ രൂപപ്പെടുന്ന ക്യു മണിക്കൂറുകളോളം നീണ്ടു നിൽക്കുന്ന സാഹചര്യമാണുള്ളത്.
പേട്ട ഡിസ്‌പെൻസറിയിൽ തിരക്ക് നിയന്ത്രിക്കാൻ വേണ്ടത്ര ജീവനക്കാരുമില്ല. ഇവിടെ നിന്നും രക്തം പരിശോധിച്ച് കിട്ടുന്ന സർട്ടിഫിക്കറ്റുമായി ജീവനക്കാർ നഗരസഭയിൽ എത്തണം. നഗരസഭയിൽ നിന്നും ഇവരുടെ ചർമ്മ പരിശോധനകൾക്ക് ശേഷം മുടി നീട്ടി വളർത്തിയവർ ക്യാപ് വെക്കണമെന്നും, മുറുക്കാൻ ഉപയോഗക്കാതിരിക്കുക തുടങ്ങിയ നിർദേശവും നൽകിയ ശേഷമാകും ഹെൽത്ത് കാർഡ് നൽകുക.