ആരോഗ്യ മന്ത്രി വീണ ജോര്‍ജ് മാധ്യമങ്ങളോട് സംസാരിക്കുന്നു തിരുവനന്തപുരം:സംസ്ഥാനത്തെ ഹോട്ടലുകളിലെ ജീവനക്കാർക്ക് ഫെബ്രുവരി ഒന്ന് മുതൽ ഹെൽത്ത് കാർഡ് നിർബന്ധമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ഹെല്‍ത്ത് കാര്‍ഡില്ലാത്ത ജീവനക്കാരുള്ള ഹോട്ടലുകള്‍ക്ക് പ്രവര്‍ത്തനത്തിന് അനുമതി നല്‍കില്ല. ഇക്കാര്യത്തിൽ കർശനമായ പരിശോധന നടത്താനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.
ഡോക്‌ടർമാരെ സ്വാധീനിച്ച് വ്യാജമായി ഹെൽത്ത് കാർഡുകൾ നേടിയാൽ കർശന നടപടിയുണ്ടാകും. ഇത്തരത്തിൽ വ്യാജ ഹെൽത്ത് കാർഡുകൾ നൽകുന്ന ഡോക്‌ടര്‍മാരുടെ രജിസ്ട്രേഷൻ റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ പ്രവർത്തന രീതിയിൽ കാതലായ മാറ്റം വരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ ഹോട്ടലുകളുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഈ സാഹചര്യം പരിശോധിച്ചാണ് വ്യവസ്ഥിതിയിലെ മാറ്റം പരിഗണിക്കുന്നത്. തൊഴിൽ, തദ്ദേശം, ആരോഗ്യം, തുക തുടങ്ങിയ വകുപ്പുകളുടെ ഏകോപനത്തിൽ പരിശോധനകൾ നടത്താനാണ് നടപടി സ്വീകരിക്കുന്നത്. പരിശോധനയ്ക്ക് ശേഷമുള്ള പ്രോസിക്യൂഷൻ അടക്കമുള്ള നിയമ നടപടിയിൽ പഴുതടച്ച സമീപനം സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
സുരക്ഷിത ഭക്ഷണം ലഭിക്കുന്ന ഇടമായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം. ഇതിനായി കർശന നടപടിയുമായി മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു. പറവൂരിൽ ഭക്ഷ്യ വിഷബാധ ഉണ്ടായ ഭക്ഷണം വിളമ്പിയ ഹോട്ടലിന്‍റെ ലൈസൻസ് സസ്പെൻഡ് ചെയ്‌തിട്ടുണ്ട്. തുടർ പരിശോധനയ്ക്ക് ഭക്ഷ്യ സുരക്ഷ കമ്മിഷണർക്ക് നിർദേശം നൽകിയിട്ടുണ്ട്. ചികിത്സയിലുള്ളവരുടെ ആരോഗ്യം തൃപ്‌തികരമാണെന്ന് മന്ത്രി വ്യക്തമാക്കി.