കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം; കാര്‍ഡ് ഇല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി - ഭക്ഷ്യ സുരക്ഷ വകുപ്പ്

ഹോട്ടല്‍, റസ്റ്ററന്‍റ് തുടങ്ങിയ സ്ഥാപനങ്ങളില്‍ ഭക്ഷണ സാധനങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഇന്ന് മുതല്‍ നിര്‍ബന്ധം. കാര്‍ഡ് എടുക്കാന്‍ നിരവധി തവണ സാവകാശം നല്‍കിയിരുന്നു. കാര്‍ഡ് ഇല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം

health card for hotel workers  health card for hotel workers in Kerala  health card for hotel workers effect from today  ഇന്ന് മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം  ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം  ഹെല്‍ത്ത് കാര്‍ഡ്  ഹെല്‍ത്ത് കാര്‍ഡിനുള്ള സര്‍ട്ടിഫിക്കറ്റ്  ഭക്ഷ്യ സുരക്ഷ വകുപ്പ്  ആരോഗ്യ വകുപ്പ്
സംസ്ഥാനത്ത് ഇന്ന് മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം

By

Published : Apr 1, 2023, 7:46 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടലുകളിലും റസ്റ്ററന്‍റുകളിലും ഭക്ഷണ സാധനങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് ഇന്ന് (ഏപ്രില്‍ ഒന്ന്) മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം. നിരവധി തവണ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കുന്ന തീയതി മാറ്റി വച്ചിരുന്നു. ഭക്ഷണ വിതരണ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും അഭ്യര്‍ഥന മാനിച്ചാണ് ഹെല്‍ത്ത് കാര്‍ഡ് എടുക്കാന്‍ സാവകാശം നല്‍കിയത്.

ഫെബ്രുവരി ഒന്നു മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കുകയാണ് എന്നായിരുന്നു ആരോഗ്യ വകുപ്പ് നേരത്തെ പ്രഖ്യാപിച്ചത്. എന്നാല്‍ വേഗത്തിലുള്ള പ്രഖ്യാപനമെന്ന പരാതി ഉയര്‍ന്നതോടെ ഫെബ്രുവരി 14 വരെ സാവകാശം അനുവദിച്ചു. പിന്നീട് വാക്‌സിനേഷനില്‍ അടക്കം പ്രതിസന്ധി ഉണ്ടായതോടെ ഇത് ഫെബ്രുവരി 28 വരെ നീട്ടി. മാര്‍ച്ച് ഒന്നു മുതല്‍ കര്‍ശന പരിശോധന ഉണ്ടാകുമെന്നും ഭക്ഷ്യ സുരക്ഷ വകുപ്പ് അറിയിച്ചിരുന്നു.

ഇതിനിടയിലാണ് ഡോക്‌ടര്‍മാര്‍ പണം വാങ്ങി പരിശോധന ഇല്ലാതെ ഹെല്‍ത്ത് കാര്‍ഡിനുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു എന്ന വാര്‍ത്ത പുറത്തു വന്നത്. ഇതുകൂടാതെ ടൈഫോയ്‌ഡ് അടക്കമുള്ള വാക്‌സിനുകളുടെ ഉയര്‍ന്ന വിലയിലും പരാതികള്‍ ഉയര്‍ന്നതോടെ മാര്‍ച്ച് 31 വരെ സാവകാശം അനുവദിക്കുകയായിരുന്നു. പൊതുവിപണിയില്‍ 350 രൂപ മുതല്‍ 2000 രൂപയ്ക്ക് മുകളില്‍ വരെ വിലയുള്ള ടൈഫോയ്‌ഡ് വാക്‌സിന്‍ കാരുണ്യ ഫാര്‍മസികള്‍ വഴി 95.52 രൂപയില്‍ ലഭ്യമാക്കുന്നതിന് അടക്കമുളള നടപടികള്‍ ആരോഗ്യ വകുപ്പ് സ്വീകരിക്കുകയും ചെയ്‌തു. ഇതിനു ശേഷമാണ് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയത്.

കാര്‍ഡ് ഇല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി:ഇന്ന് മുതല്‍ കര്‍ശനമായ പരിശോധന തുടങ്ങും. ഹോട്ടലുകള്‍, റസ്റ്ററന്‍റുകള്‍ തുടങ്ങി എല്ലാ ഭക്ഷണ വിതരണ സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഉറപ്പാക്കണം. ഹെല്‍ത്ത് കാര്‍ഡ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഹെല്‍ത്ത് കാര്‍ഡ് ലഭിക്കാന്‍ രജിസ്റ്റേഡ് മെഡിക്കല്‍ പ്രാക്‌ടീഷണര്‍മാര്‍ നല്‍കുന്ന നിശ്ചിത മാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

കൂടാതെ ശാരീരിക പരിശോധന, കാഴ്‌ചശക്തി പരിശോധന, ത്വക് രോഗങ്ങള്‍, വൃണം, മുറിവ് എന്നിവയുണ്ടോയെന്ന് അറിയാനുള്ള പരിശോധന തുടങ്ങിയവ ഡോക്‌ടറുടെ സാന്നിധ്യത്തില്‍ നടത്തണം. നിര്‍ദേശ പ്രകാരമുള്ള വാക്‌സിനുകള്‍ എടുത്തിട്ടുണ്ടോ എന്ന പരിശോധന, പകര്‍ച്ചവ്യാധികള്‍ ഉണ്ടോ എന്നറിയുന്നതിനുള്ള രക്തപരിശോധന ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നിര്‍ബന്ധമായും നടത്തണം. ഇവയെല്ലാം ഉറപ്പാക്കിയ സര്‍ട്ടിഫിക്കറ്റില്‍ ഡോക്‌ടറുടെ ഒപ്പും സീലും നിര്‍ബന്ധമായും ഉണ്ടായിരിക്കണം.

ഒരു വര്‍ഷമാണ് ഈ ഹെല്‍ത്ത് കാര്‍ഡിന്‍റെ കാലാവധി. സംസ്ഥാനത്തെ സുരക്ഷിത ഭക്ഷണം ലഭിക്കുന്ന ഇടമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഹെല്‍ത്ത് കാര്‍ഡ് അടക്കം പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്കൂടാതെ മുട്ട ചേര്‍ത്തുള്ള മയൊണൈസും നിരോധിച്ചിട്ടുണ്ട്. ഭക്ഷണം പാഴ്‌സലായി നല്‍കുന്ന ഹോട്ടലുകള്‍ ഭക്ഷണം തയാറാക്കിയ സമയം, എത്ര സമയത്തിനുള്ളില്‍ കഴിക്കണം തുടങ്ങിയ വിവരങ്ങള്‍ നിര്‍ബന്ധമായും സ്റ്റിക്കറായി ഭക്ഷണ പാക്കറ്റിന് പുറത്ത് പതിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.

ഒപ്പം പൊതുജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ പരാതികള്‍ നേരിട്ട് അറിയിക്കാന്‍ സംസ്ഥാന ഭക്ഷ്യ സുരക്ഷ വകുപ്പ് ഗ്രിവന്‍സ് പോര്‍ട്ടല്‍ സജ്ജമാക്കിയിട്ടുണ്ട്. ഓണ്‍ലൈനായി വേഗത്തില്‍ പരാതി നല്‍കാനാണ് ഇത്തരമൊരു സംവിധാനം. നല്‍കിയ പരാതിയില്‍ എടുത്ത നടപടികളും ഈ പോര്‍ട്ടലിലൂടെ തന്നെ അറിയാന്‍ കഴിയും. പരാതി സംബന്ധിച്ച ഫോട്ടോയും വീഡിയോയും അപ്‌ലോഡ് ചെയ്യാനും സംവിധാനമുണ്ട്.

ABOUT THE AUTHOR

...view details