തിരുവനന്തപുരം : വിദ്വേഷ പ്രസംഗ കേസില്‍ പൂജപ്പുര ജയിലില്‍ കഴിയുന്ന പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജ് ഇന്ന് പുറത്തിറങ്ങിയേക്കും. അനന്തപുരി മതവിദ്വേഷ പ്രസംഗ കേസില്‍ ജാമ്യം റദ്ദാക്കിയതിന് എതിരെയുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ജാമ്യം നല്‍കിയതോടെയാണ് ജോര്‍ജിന് പുറത്തിറങ്ങാനുള്ള വഴി തെളിഞ്ഞത്.
അന്വേഷണവുമായി സഹകരിക്കണമെന്നും വിദ്വേഷപരമായ പ്രസംഗങ്ങളോ പരാമർശങ്ങളോ തുടര്‍ന്നുള്ള ദിനങ്ങളില്‍ നടത്തരുതെന്നും ഹൈക്കോടതി നിർദേശിച്ചു. സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന തരത്തിലാണ് പിസി യുടെ പ്രസംഗമെന്നും ജാമ്യം അനുവദിക്കുകയാണെങ്കിൽ കർശന ഉപാധികൾ മുന്നോട്ടുവയ്ക്കണമെന്നും സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
കുറ്റം ആവര്‍ത്തിക്കില്ലെന്ന് പിസി :കുറ്റം ആവർത്തിക്കില്ലെന്നും വെണ്ണല കേസിൽ കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനുശേഷം വിദ്വേഷ പരാമർശങ്ങൾ നടത്തിയിട്ടില്ലെന്നും ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്നും പി സിയുടെ അഭിഭാഷകൻ വാദിച്ചിരുന്നു. അതേസമയം വെണ്ണല വിദ്വേഷ പ്രസംഗക്കേസിലെ ഗൂഢാലോചന അന്വേഷിക്കണം. ഇതിനായി പിസിയുടെ ശബ്ദ സാമ്പിളുകളടക്കം ശേഖരിക്കണമെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.
തുടർന്ന് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ച സിംഗിൾ ബെഞ്ച് ശാസ്ത്രീയ പരിശോധനകൾക്കടക്കം സഹകരിക്കണമെന്നും പിസി ജോർജിന് നിർദേശം നൽകി. കൂടാതെ വെണ്ണലയിലെ കേസിൽ അറസ്റ്റ് ചെയ്യുകയാണെങ്കിൽ ജാമ്യത്തിൽ വിടാനും കോടതി ഉത്തരവിട്ടു. ജാമ്യ വ്യവസ്ഥകൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കാനായി പ്രോസിക്യൂഷന് ഹൈക്കോടതിയെ സമീപിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഉത്തരവ് വൈകുന്നേരത്തിനകം ജയിലില്‍ കിട്ടിയാല്‍ മാത്രം മോചനം :ജാമ്യ ഉത്തരവ് പൂജപ്പുര സെൻട്രൽ ജയിലിൽ വൈകിട്ട് 7.30നകം എത്തിച്ചാൽ ഇന്നുതന്നെ പുറത്തിറങ്ങാമെന്ന് ജയിൽ അധികൃതർ പറഞ്ഞു. സാധാരണ നിലയിൽ ഉത്തരവ് ഇ-മെയിലായി നൽകുന്നത് ജയിലിൽ സ്വീകരിക്കാറില്ല. ബോണ്ട് നടപടികൾ വഞ്ചിയൂർ കോടതിയിൽ പൂർത്തിയാക്കാൻ ഹൈക്കോടതി അനുവദിച്ചാൽ തിരുവനന്തപുരത്തുനിന്ന് തന്നെ ജാമ്യ ഉത്തരവ് കൈപ്പറ്റി വൈകുന്നേരത്തിന് മുൻപ് തന്നെ ജയിലിൽ എത്തിച്ച് പി സി ജോർജിന് പുറത്തിറങ്ങാനാകും.