എറണാകുളം:ഇ പി ജയരാജനെതിരായ ആരോപണത്തിൽ ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ കേന്ദ്ര ഏജൻസി അന്വേഷണം നടത്തണമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ. ബഫർ സോൺ വിഷയത്തിൽ സർക്കാറിനെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ചതായും ഹസൻ അറിയിച്ചു.
കൊച്ചിയിൽ നടന്ന യുഡിഎഫ് ഏകോപന സമിതി യോഗ തീരുമാനങ്ങൾ മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ഇ പി ജയരാജനെതിരായ റിസോർട്ട് വിവാദത്തിൽ കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പടെയുള്ള ഗുരതരമായ ആരോപണമാണ് ഉയർന്നിട്ടുള്ളത്. ഈ വിഷയത്തിൽ അന്വേഷണമാവശ്യപ്പെട്ട് ജനുവരി നാലിന് പഞ്ചായത്ത് തലത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ജനുവരി പത്തിന് യുഡിഎഫ് നേതാക്കളുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് ധർണ നടത്തും. ബഫർ സോൺ വിഷയത്തിൽ സുപ്രീം കോടതി വിധി വന്ന് ആറ് മാസം കഴിഞ്ഞിട്ടും സംസ്ഥാന സർക്കാറിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. സർക്കാരിൻ്റേത് ഗുരുതരമായ കൃത്യവിലോപമാണ്. മാപ്പർഹിക്കാത്ത കുറ്റമാണ് സർക്കാർ ചെയ്‌തത്.
കർഷകരുടെ ആശങ്ക ഇത്രയും ഗുരുതരമാക്കിയത് സർക്കാരാണ്. മലയോര മേഖലയിൽ ശക്തമായ സമരം ഉയർന്ന് വരുമെന്ന് കണ്ടപ്പോഴാണ് സർക്കാർ ഉണർന്നത്. നേരിട്ടുള്ള സർവേ നടത്തി ആ റിപ്പോർട്ട് മാത്രമേ കോടതിയിൽ കൊടുക്കാവു എന്നും യുഡിഎഫ് ആവശ്യപ്പെട്ടു.
പ്രതിഷേധം ശക്‌തമാക്കും: ബഫർ സോൺ വിഷയങ്ങൾ ബാധിക്കുന്ന എല്ലാ പഞ്ചായത്തുകളിലും ജനുവരി അഞ്ച് മുതൽ കർഷക പ്രതിഷേധ സംഗമങ്ങൾ നടത്തും. ഇടുക്കിയിൽ ഡീൻ കുര്യാക്കോസ് എം പിയുടെ നേതൃത്വത്തിൽ ജൂൺ 13 മുതൽ 23 വരെ കുമളിയിൽ നിന്നും അടിമാലി വരെ കാൽനട ജാഥയും നടത്തും.