യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീന്‍ കുര്യാക്കോസ് അടക്കം മൂന്ന് പേര്‍ നാളെ കോടതിയില്‍ ഹാജരാക്കും. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനാണ് ഹൈക്കോടതി നേരിട്ട് ഹാരജാകാന്‍ ആവശ്യപ്പെട്ടത്. യൂത്ത് കോൺഗ്രസിന്‍റെ അപ്രതീക്ഷിത ഹര്‍ത്താൽ പ്രഖ്യാപനത്തെ തുടർന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായുള്ള ഡിവിഷന്‍ ബെഞ്ച് സ്വമേധയാ കേസെടുക്കുകയായിരുന്നു. ജനുവരി മൂന്നാം തീയതി നടന്ന ഹർത്താലിന് ശേഷം സംസ്ഥാനത്ത് മിന്നൽ ഹർത്താലുകൾ നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയിരുന്നു. മുൻകൂര്‍ നോട്ടീസ് നൽകാതെ ഹര്‍ത്താൽ പ്രഖ്യാപിക്കരുതെന്ന ഈ ഉത്തരവ് ലംഘിച്ചതിനാണ് നടപടി.
മിന്നല്‍ ഹര്‍ത്താല്‍: യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നാളെ കോടതിയില്‍ ഹാജരാകും - ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്
ഹര്‍ത്താലോ മിന്നൽ പണിമുടക്കോ പ്രഖ്യാപിക്കുമ്പോൾ ഏഴ് ദിവസത്തെ മുൻകൂര്‍ നോട്ടീസെങ്കിലും വേണമെന്നാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിൽ നിര്‍ദ്ദേശിച്ചിരുന്നത്. ഇത് പാലിക്കാത്തതിനാലാണ് ഡീന്‍ കുര്യാക്കോസ് അടക്കം മൂന്ന് പേര്‍ക്കെതിരെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായുള്ള ഡിവിഷന്‍ ബെഞ്ച് സ്വമേധയാ കേസെടുത്തത്.
കാസർകോട് പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവത്തകരെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഈമാസം പതിനെട്ടിന്അർദ്ധരാത്രി ഫേസ്ബുക്കിലൂടെയാണ് ഡീൻ കുര്യാക്കോസ് മിന്നൽ ഹർത്താലിന് ആഹ്വാനം നടത്തിയത്.
നിയമവിരുദ്ധമായ ഹർത്താൽ ആഹ്വാനങ്ങൾ മാധ്യമങ്ങൾ ഇനി വാർത്ത ആക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.മിന്നൽ ഹർത്താൽ ആഹ്വാനങ്ങളെനിയമവിരുദ്ധമായി കണക്കാക്കണം. അവ നിയമവിരുദ്ധമാണെന്ന് ജനങ്ങളെ അറിയിക്കാനുള്ള ഉത്തരവാദിത്തം മാധ്യമങ്ങൾക്കും ഉണ്ടെന്ന് കോടതി പറഞ്ഞു. ഇനിമുതൽ ഇക്കാര്യത്തിൽ മാധ്യമങ്ങൾക്കും കൂട്ടുത്തരവാദിത്തം ഉണ്ടായിരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.