കേരളം

kerala

ETV Bharat / state

നെയ്യാറ്റിൻകര ഹരികുമാറിന്‍റെ മരണം; അന്വേഷണം ഇഴയുന്നതായി വീട്ടുകാർ - murder

ഹരികുമാറിന്‍റെ മരണത്തിൽ പരിയാരം പൊലീസിൽ പരാതി നൽകിയെങ്കിലും അപകടമുണ്ടാക്കിയ വാഹനത്തെ കണ്ടെത്താനോ തുടർനടപടി സ്വീകരിക്കാനോ നാളിതുവരെ പൊലീസ് തയ്യാറായില്ലെന്നും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നിരവധി തവണ നിവേദനങ്ങൾ നൽകിയെങ്കിലും അന്വേഷണം തുടങ്ങിയിടത്ത് തന്നെ നിൽക്കുന്നു എന്നും വീട്ടുകാർ ആരോപിക്കുന്നു.

മരണപ്പെട്ട ഹരികുമാർ

By

Published : Feb 16, 2019, 9:22 AM IST

നെയ്യാറ്റിൻകര ഉദിയൻകുളങ്ങര സ്വദേശി ഹരികുമാറിന്‍റെ മരണത്തിൽ അന്വേഷണം ഇഴയുന്നെന്ന ആരോപണവുമായി വീട്ടുകാര്‍ രംഗത്ത്. കഴിഞ്ഞ ജൂൺ 13 ന് രാത്രി കണ്ണൂർ പയ്യന്നൂരിന് സമീപം പിലാത്തര ചുമടുതാങ്ങിയിൽ വച്ച് ഹരികുമാറിനെ അജ്ഞാത വാഹനമിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹരികുമാറിനെ പരിയാരം മെഡിക്കൽ കോളജിലും, മംഗലാപുരത്തും എത്തിച്ച് വിദഗ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

പരിയാരം പൊലീസിൽ പരാതി നൽകിയെങ്കിലും അപകടമുണ്ടാക്കിയ വാഹനത്തെ കണ്ടെത്താനോ തുടർനടപടി സ്വീകരിക്കാനോ നാളിതുവരെ പൊലീസ് തയ്യാറായില്ലെന്നാണ് വീട്ടുകാരുടെ പ്രധാന ആരോപണം. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നിരവധി തവണ നിവേദനങ്ങൾ നൽകിയെങ്കിലും അന്വേഷണം തുടങ്ങിയിടത്ത് തന്നെ നിൽക്കുന്നു എന്നും വീട്ടുകാർ പരാതിപ്പെടുന്നു. ഹരികുമാറിനെ ഇടിച്ചു തെറിപ്പിക്കുന്ന വാഹനത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സഹിതം നൽകിയിട്ടും മുടന്തൻ ന്യായങ്ങൾ പറഞ്ഞ് പൊലീസ് ഒഴിഞ്ഞുമാറുന്നതാണ് വീട്ടുകാരെ ആശങ്കപ്പെടുത്തുന്നത്.

22 വർഷമായി കണ്ണൂരിലെ പയ്യന്നൂരിൽ നിർമാണ സാധനങ്ങൾ വിൽക്കുന്ന കട നടത്തിവരികയായിരുന്നു ഹരികുമാർ. ഭാര്യ ജലജകുമാരിയും രണ്ട് പെണ്‍മക്കളും ഉദിയൻകുളങ്ങരയിലാണ് താമസിച്ച് വന്നത്. കഴിഞ്ഞ മെയിൽ ഇളയമകൾ പാർവതിയെ സ്കൂളിൽ ചേർക്കാനാണ് ഹരികുമാർ അവസാനമായി നാട്ടിലെത്തിയത്. പിന്നീട് ഹരികുമാറിന്‍റെ മരണവാർത്തയാണ് വീട്ടുകാർ അറിയുന്നത്. കുടുംബത്തിലെ ഏക അത്താണിയായ ഹരികുമാറിന്‍റെ മരണത്തോടുകൂടി ആകെയുള്ള കിടപ്പാടവും ജപ്തി ഭീഷണി നേരിടുകയാണ്. തന്‍റെ ഭർത്താവിന്‍റെ മരണത്തിന് കാരണക്കാരായ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് ഹരികുമാറിന്‍റെ ഭാര്യയും കുടുംബവും.

ABOUT THE AUTHOR

...view details