തിരുവനന്തപുരം : മൃഗശാലയിൽ നിന്ന് രക്ഷപ്പെട്ട ഹനുമാൻ കുരങ്ങിനെ സെൻട്രൽ ലൈബ്രറി വളപ്പിലെ ആൽമരത്തിന് മുകളിൽ കണ്ടെത്തി. മൃഗശാലയിൽ നിന്ന് രക്ഷപ്പെട്ട ശേഷം മസ്‌കറ്റ് ഹോട്ടലിന് സമീപത്തെ മരത്തിൽ കണ്ടെത്തിയ ഹനുമാൻ കുരങ്ങ് അവിടെ നിന്ന് വീണ്ടും രക്ഷപ്പെടുകയായിരുന്നു. വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് ഒന്നരയോടെയാണ് മസ്‌കറ്റ് ഹോട്ടൽ വളപ്പിലെ മരത്തിൽ നിന്ന് കുരങ്ങ് ചാടി പോയത്.
എൽഎംഎസ് ജംഗ്‌ഷനിലെ സിഗ്നലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പൊലീസാണ് കുരങ്ങ് സെൻട്രൽ ലൈബ്രറി ഭാഗത്തേക്ക് പോകുന്നത് കണ്ടത്. നിലവിൽ സെൻട്രൽ ലൈബ്രറിയിലെ കൂറ്റൻ ആൽമരത്തിന് മുകളിൽ തമ്പടിച്ചിരിക്കുകയാണ് ഹനുമാൻ കുരങ്ങ്. ഇതിനെ നിരീക്ഷിക്കാൻ രണ്ട് മൃഗശാല ജീവനക്കാരും ഇവിടെയുണ്ട്.
മൃഗശാല ഡയറക്‌ടർ എസ് അബുവിന്‍റെ നിർദേശപ്രകാരം കുരങ്ങിന്‍റെ ഓരോ ചലനവും നിരീക്ഷിക്കാൻ 24 മണിക്കൂറും ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ജീവനക്കാർക്ക് ഡ്യൂട്ടി നൽകിയിരിക്കുന്നത്. രാവിലെ 9.30 മുതൽ വൈകിട്ട് ആറ് മണി വരെയുള്ള ഷിഫ്‌റ്റിൽ മൃഗശാലയിലെ അനിമൽ കീപ്പറായ ഉദയ് ലാലാണ് കുരങ്ങിനെ നിരീക്ഷിക്കുന്നത്.
വൈകിട്ട് ആറ് മണി മുതൽ രാവിലെ 9.30 വരെയുള്ള ഷിഫ്‌റ്റിൽ അജിതൻ എസ്, സുജി ജോർജ് എന്നിവരാണ് ഹനുമാൻ കുരങ്ങിനെ നിരീക്ഷിക്കുന്നത്. വലയും ബൈനോക്കുലറും ഉൾപ്പടെയുള്ള സംവിധാനങ്ങൾ കരുതിയാണ് നിരീക്ഷണം. കുരങ്ങ് മസ്‌കറ്റ് ഹോട്ടലിന് സമീപത്തെ മരത്തിൽ തമ്പടിച്ചിരുന്നപ്പോൾ പഴവും ആപ്പിളും മുന്തിരിയും കയറു കെട്ടി മരച്ചില്ലയിലേക്ക് എത്തിച്ചാണ് നൽകിയിരുന്നത്.