തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്‌കൂളുകൾ തുറക്കുമ്പോള്‍ ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി തയ്യാറാക്കിയ മാർഗനിർദേശം കർശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്കൂളുകളുടെ പ്രവർത്തനം സുരക്ഷിതമായ രീതിയിലാവണമെന്നത് പ്രധാനമാണ്. അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണ ഇക്കാര്യത്തിൽ ഒരുപോലെ അനിവാര്യമാണ്. അതിനാൽ മാർഗനിർദേശങ്ങൾ പാലിച്ചാകണം സ്കൂളിന്‍റെ പ്രവർത്തനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ALSO READ:സംസ്ഥാനത്ത് 7167 പേര്‍ക്ക് കൂടി COVID 19 ; 14 മരണം
സ്‌കൂളുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും കുട്ടികൾക്കിടയിൽ പരമാവധി സാമൂഹിക അകലം പാലിക്കുന്നതിനും ക്ലാസ് മുറികളിലും പരിസരങ്ങളിലും ശുചിത്വം ഉറപ്പാക്കുന്നതിനും ആവശ്യമായ നിർദേശങ്ങൾ സ്‌കൂളുകൾ നടപ്പാക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഓരോ സ്കൂളും ആരോഗ്യവകുപ്പുമായി സഹകരിച്ച് സുരക്ഷാനിർദേശങ്ങൾ പാലിച്ചുപോരുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും. ഈ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും നടപ്പിലാക്കുന്നതിനും ആവശ്യമായ സംവിധാനങ്ങൾ നിലവിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓൺലൈൻ പഠനത്തിന് പല വെല്ലുവിളികളുമുണ്ടായിരുന്നു. എന്നാൽ തിങ്കളാഴ്ച മുതൽ സ്ഥിതി മാറുകയാണ്. പുതിയ കൊവിഡ് കേസുകളുടെയും ചികിത്സയിലുള്ള രോഗികളുടെയും എണ്ണം ഗണ്യമായി കുറഞ്ഞു. ഈ സാഹചര്യത്തിലാണ് സ്കൂൾ തുറക്കുന്നതിനുള്ള തീരുമാനത്തിലെത്തിയത്. ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളും 10, 12 ക്ലാസുകളും നവംബർ ഒന്ന് മുതലും ബാക്കിയുള്ളവ നവംബർ 15 മുതലും ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.