തിരുവനന്തപുരം : വീണ വിജയന്‍റെ എക്‌സാലോജിക് കമ്പനി (Exalogic Company) സിഎംആര്‍എല്ലില്‍ (CMRL) നിന്ന് സ്വീകരിച്ച 57 ലക്ഷം രൂപയിൽ 45 ലക്ഷത്തിന് മാത്രമേ നികുതി നൽകിയിട്ടുള്ളൂവെന്ന് ജിഎസ്‌ടി (GST) വകുപ്പ്. എന്നാല്‍, ബാക്കി ഇടപാടുകളുടെ നികുതി രേഖകള്‍ സംബന്ധിച്ച് വ്യക്തതയില്ല (GST Department On Tax Payment of Exalogic). 2017 ഓഗസ്റ്റിനും 2018 ഒക്‌ടോബറിനും ഇടയില്‍ 14 ഇന്‍വോയ്‌സുകളില്‍ നിന്നായി 8,10,000 രൂപ ഐജിഎസ്‌ടി അടച്ചതായാണ് സംസ്ഥാന ജിഎസ് ടി വകുപ്പിന്‍റെ സെര്‍വറിലെ രേഖകള്‍ വ്യക്തമാക്കുന്നത്.
ആദായ നികുതി തര്‍ക്ക പരിഹാര ബോര്‍ഡിന് ആദായ നികുതി വകുപ്പ് സമര്‍പ്പിച്ച റിപ്പോർട്ട് പ്രകാരം 2017 മുതല്‍ 2020 വരെയുള്ള കാലയളവില്‍ എക്‌സാലോജിക് കമ്പനിയിലേക്ക് 57 ലക്ഷം രൂപയും വീണയ്ക്ക് (Veena Vijayan) ഒരു കോടി 15 ലക്ഷം രൂപയും സിഎംആര്‍എല്ലിന്‍റെ അക്കൗണ്ടില്‍ നിന്ന് കൈമാറിയിട്ടുണ്ട്. കമ്പനി നികുതി വെട്ടിപ്പ് (Tax Evasion) നടത്തിയെന്ന ആരോപണത്തിന്മേൽ നടത്തിയ അന്വേഷണത്തിലാണ് ഇടപാടിന്‍റെ ആദ്യ ഘട്ടത്തില്‍ എക്‌സാലോജിക് നികുതിയടച്ച രേഖകള്‍ പുറത്തുവന്നത്.
45 ലക്ഷം രൂപയും ഇതിന്‍റെ 18 ശതമാനം നികുതിയുമടക്കം 53,10,000 എക്‌സാലോജിക്കിന് സിഎംആര്‍എല്‍ നല്‍കി. ഇന്‍വോയ്‌സ് പ്രകാരമുള്ള നികുതി തുകയായ 8,10,000 രൂപ എക്‌സാലോജിക് ഐജിഎസ്‌ടി (Integrated Goods and Services Tax) അടച്ചു. ഈ രേഖകള്‍ സിഎംആര്‍എല്ലിന്‍റെ 2 ബി ഫോമിലുമുണ്ട്. അതായത് 45 ലക്ഷം രൂപയുടെ 18 ശതമാനം നികുതിയടച്ച രേഖകള്‍ മാത്രമാണ് ഇപ്പോഴുള്ളത്.